എം പി എല്‍ പ്രദര്‍ശന മത്സരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുട്ടുമടക്കി

Posted on: April 11, 2015 8:53 am | Last updated: April 11, 2015 at 8:53 am

മലപ്പുറം: കാര്യമായാലും കളിയായാലും മലപ്പുറത്തെ കലക്ടറെ തോല്‍പിക്കാന്‍ ആകില്ല. അതിന് ഇനിയും കാലമേറെ കാത്തിരിക്കേണ്ടി വരും. ഔദ്യോഗിക തലത്തില്‍ മാത്രമല്ല തന്റെ കഴിവെന്ന് ഇന്നലെ കലക്ടര്‍ തെളിയിച്ചു.
മലപ്പുറത്ത് ഇന്നാരംഭിക്കുന്ന മലബാര്‍ പ്രീമിയര്‍ലീഗിനു മുന്നോടിയായി കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന പ്രദര്‍ശന മത്സരത്തിലും കലക്ടര്‍ക്ക് തോല്‍ക്കാന്‍ മനസില്ലായിരുന്നു. മലപ്പുറത്തെ മാധ്യമപ്രവര്‍ത്തകരെയാണ് കലക്ടര്‍ കെ ബിജുവിന്റെയും ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെയും നേതൃത്വത്തിലുള്ള ടീം മുട്ടുകുത്തിച്ചത്. മലപ്പുറം പ്രസ്‌ക്ലബ് ഇലവനുമായിട്ടായിരുന്നു വാശിയേറിയ പോരാട്ടം.
ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായിരുന്ന യു ഷറഫലി, കുരികേശ്മാത്യു, സി വി പാപ്പച്ചന്‍, ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, സി ജാബിര്‍ അടക്കമുള്ള വന്‍ താരനിരയോടു അവസാനവരെ പോരാടി ടൈബ്രേക്കറില്‍ പരാജയപ്പെടുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പ്രായം തളര്‍ത്തിയെങ്കിലും പഴയതന്ത്രങ്ങളും പന്തടക്കവും പലപ്പോഴും ഇവരില്‍ നിന്നു കണ്ടു. നിശ്ചിതസമയത്ത് ഇരുഗോളുകള്‍ വീതം നേടിയതിനെത്തുടര്‍ന്നു ടൈബ്രേക്കറിലാണ് വിജയികളെ നിശ്ചയിച്ചത്. (3-1). അരമണിക്കൂര്‍ വീതമുള്ള സൗഹൃദ പോരാട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരാണ് ആദ്യം ഗോളടിച്ചത്. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫയാണ് കലക്ടര്‍ ടീമിന്റെ ഗോള്‍വല കാത്തിരുന്നത്.
ഗോള്‍ വീണതോടെ കലക്ടറും സംഘവും ഉണര്‍ന്നു കളിച്ചതിന് ഫലം കണ്ടു. അടുത്ത നിമിഷത്തില്‍ ഐ എം വിജയന്റെ ഒറ്റക്കുള്ള മുന്നേറ്റം അവസാനിച്ചത് മാധ്യമ പ്രവര്‍ത്തകരുടെ വല കുലുക്കിയ ശേഷമായിരുന്നു. (1-1). വിജയന്റെ സുവര്‍ണനാളുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ ഗോള്‍.
മത്സരം സമനിലയിലായതോടെ ഇരുടീമും ആക്രമിച്ചു കളിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ഗോള്‍നേടി. (2-1). ലീഡ് നേടിയതോടെ കലക്ടറുടെ സംഘം പൊരുതിക്കളിച്ചു. ഐ എം വിജയന്റെ തകര്‍പ്പന്‍ മുന്നേറ്റമാണ് പിന്നെ കണ്ടത്. പന്തുമായി എത്തിയ വിജയനെ ബോക്‌സില്‍ വെച്ച് പ്രസ് ക്ലബ് ഇലവനിലെ ഷംസീര്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ഈ തീരുമാനത്തിനെതിരെ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി വഴങ്ങിയില്ല. കിക്കെടുത്ത കേരളാപോലീസിന്റെ അതിവേഗതാരമായിരുന്ന ജാബിറിന്റെ കനത്തഷോട്ട് വലയില്‍. (2-2). തുടര്‍ന്നു ഷൂട്ടൗട്ടില്‍ (3-1)നു കലക്ടറുടെ നേതൃത്വത്തിലുള്ള ടീം വിജയം കണ്ടു.
നേരത്തെ ജില്ലയില്‍ നിന്നു വിവിധ ടൂര്‍ണമെന്റില്‍ ജേതാക്കളായവരെയും യു ശറഫലി, കുരികേശ് മാത്യു, സി വി. പാപ്പച്ചന്‍. ഐ എം വിജയന്‍, കെ അബ്ദുള്‍ അസീസ്, സി ജാബിര്‍, ജസീര്‍ കാരണത്ത്, കെ ഫിറോസ്, പി മുഹമ്മദലി, അബ്ദുള്‍ നാസര്‍ അരീക്കോട്, ഹനാന്‍ ജാവേദ് തുടങ്ങിയവരെയും ആദരിച്ചു.
ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. കലക്ടര്‍ കെ ബിജു, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, എംഎസ്പി കമാണ്ടന്റ് ഉമാ ബെഹ്‌റ എന്നിവര്‍ പങ്കെടുത്തു. .