Connect with us

Kozhikode

ആശുപത്രിയില്‍ കിടക്കാം; ചികിത്സയില്ല

Published

|

Last Updated

മുക്കം: ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി സി എച്ച് സിയില്‍ വേണമെന്നാണ് നിയമമെങ്കിലും മുക്കത്ത് ഉച്ചക്ക് ഒരു മണിവരെയേ ചികിത്സ ലഭിക്കുന്നുള്ളൂ. പലപ്പോഴും ഉച്ചക്ക് 12 മണിയോടെ ഒ പി ശീട്ട് കൗണ്ടര്‍ അടഞ്ഞുകിടക്കുന്നതായിട്ടാണ് കാണുക. എന്തെങ്കിലും അപകടമോ അടിപിടിയോ സംഭവിച്ച് മുക്കം ആശുപത്രിയിലെത്തിയാല്‍ ഉച്ചക്ക് ശേഷമായിപ്പോയാല്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്. അഡ്മിറ്റായാല്‍ തന്നെ രോഗിക്ക് ആശുപത്രിയില്‍ കിടക്കുന്നതിന് സൗകര്യമുണ്ടെങ്കിലും ചികിത്സക്ക് ഒരു വഴിയുമില്ല. ഡോക്ടര്‍മാര്‍ ഉച്ചക്ക് 12 മണിയോടെ “പുറത്തു” പോകുന്നവരാണ്. സ്റ്റാഫിന്റെ കുറവാണീ അപര്യാപ്തതകളുടെ കാരണം. സ്റ്റാഫ് നിയമനത്തിന് വേണ്ടിയും ആശുപത്രിയുടെ വികസനത്തിനു വേണ്ടിയും നിരവധി നിര്‍ദേശങ്ങള്‍ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആലിക്കുട്ടിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദലിയും പറഞ്ഞു.
താലൂക്കാശുപത്രിയായി ഉയര്‍ത്തും മുമ്പ് സി എച്ച് സിയുടെ പൂര്‍ണതയിലേക്ക് ആശുപത്രിയെ എത്തിച്ചാല്‍ പാവപ്പെട്ട ആയിരങ്ങളുടെ കണ്ണീരൊപ്പാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. ഫീമെയില്‍ വാര്‍ഡില്ലാത്തത് അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അടുത്ത കാലത്ത് നിരവധിയാളുകള്‍ ആശുപത്രിയെ സമീപിക്കുന്നുണ്ട്. എന്നാല്‍ ചികിത്സിക്കാനാളില്ലാത്തത് മൂലം പലര്‍ക്കും മടങ്ങിപ്പോകേണ്ടിവന്നതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ആശുപത്രിയില്‍ ഓട്ടോ റിഫ്രാക്ടര്‍ മീറ്റര്‍ സംവിധാനിച്ചാല്‍ പരിസരത്തെ ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കാഴ്ച പരിശോധനക്ക് സൗകര്യപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രയിലെ വേസ്റ്റുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സൗകര്യമില്ല. സ്ത്രീകള്‍ക്ക് ബാത്ത് റൂം സൗകര്യപ്രദമായത് സ്ഥാപിക്കണമെന്നും നഴ്‌സുമാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് സംവിധാനമില്ലെന്നും ഹെഡ്‌നഴ്‌സ് പറഞ്ഞു.

Latest