Palakkad
മയക്കു മരുന്ന് വിതറി മോഷണം: പോലീസിന് ഇനിയം തുമ്പ് ലഭിച്ചില്ല

കൊപ്പം: മുളയന്‍കാവിലെ രണ്ടു വീടുകളില്‍ നിന്നായിപതിനൊന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മുവായിരം രൂപയും മോഷണം പോയ സംഭവത്തില്‍ തുമ്പൊന്നും ലഭിച്ചില്ല.
മുളയന്‍കാവ് കൊല്ലര്‍തൊടി കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നായിരുന്നു എട്ടര പവന്‍ സ്വര്‍ണ്ണാഭരണ്ണങ്ങളും മുവായിരം രൂപയും കവര്‍ന്നത്.
ഇരുനില വീടിന്റെ ഓട്‌പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുല്‍റഷീദിന്റെ ഭാര്യ ഉമ്മുഹബീബയുടെ രണ്ടു സ്വര്‍ണ്ണവളയും കൈചങ്ങലയും ഇവരുടെ രണ്ടു മക്കളുടെ കാലിലെ തണ്ടയും അരപ്പട്ടയും കൈചങ്ങലയും മോഷണം പോയി. അടുത്തുള്ള മുറിയില്‍ മേശപ്പുറത്ത് വെച്ചിരുന്ന 3000 രൂപയും നഷ്ടപ്പെട്ടിരുന്നു.
ഇവര്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയിലെത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കത്തി ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. മുളയന്‍കാവ് കാണിതൊടി ആലിക്കുട്ടിയുടെ വീട്ടില്‍ നിന്നും ഇവരുടെ പേരമകന്‍ ഒന്നരവയസ്സുകാരന്‍ നിസാറിന്റെ മൂന്ന് പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്. ഇവിടെ നിന്ന് കുട്ടിയുടെ കൈചങ്ങളയും കാലിലെ തണ്ടയും അരപ്പട്ടയുമാണ് കവര്‍ന്നത്. ഇരു വീടുകളിലും ഉറങ്ങിക്കിടന്നിരുന്നവരെ മയക്കു മരുന്ന് വിതറി മയക്കിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഒരേസമയം രണ്ടു വീടുകളില്‍ മോഷണം നടത്തിയതിന് പിന്നില്‍ വന്‍കവര്‍ച്ചാ സംഘമാണെന്നും സംശയം ഉയര്‍ന്നിരുന്നു.
ചെര്‍പ്പുളശ്ശേരി പൊലീസിനെ കൂടാതെ ഡോഗ്‌സ്‌ക്വാഡും വിരലയാള വിദഗ്ദരുമാണ് അന്ന് സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. കഴിഞ്ഞ മാസം നടന്ന മോഷണ സംഭവത്തില്‍ പോലീസ് അന്വോഷണം ഇഴയുന്നതായാണ് ആരോപണം. പ്രദേശത്ത് രാത്രി സാമൂഹിക വിരുദ്ധ ശല്യമുള്ളതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ചെറുതും വലുതുമായ മോഷണങ്ങളും മുളയന്‍കാവില്‍ പതിവാണ്. കുലുക്കല്ലൂര്‍ പുറമത്രയില്‍ മോഷ്ടാക്കള്‍ വിലസുന്നുണ്ട്.
കള്ളന്മാരെ പിടിക്കാനിറങ്ങിയ സദാചാരഗുണ്ടകളുടെ മര്‍ദ്ദനമേറ്റായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ പുറമത്രയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പോലീസ് നടപടിയുണ്ടായില്ല.