Palakkad
ശതാബ്ദി നിറവില്‍ മാപ്പിള സ്‌കൂള്‍

കൊപ്പം: ശതാബ്ദി നിറവില്‍ വല്ലപ്പുഴ ചുങ്ങപ്പിലാക്കല്‍ മാപ്പിള എല്‍പി സ്‌കൂള്‍. ഓത്തും എഴുത്തും എന്ന ലക്ഷ്യത്തോടെ 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചുങ്ങപ്പിലാക്കല്‍ ചങ്ങരംകുളം തറവാട്ടുകാരാണ് സ്‌കൂള്‍ രൂപീകരിക്കുന്നത്. രാവിലെ മദ്രസാ പഠനവും തുടര്‍ന്ന് സ്‌കൂളുമായിരുന്നു.
പല മാപ്പിള സ്‌കൂളുകളും നാമാവശേഷമായെങ്കിലും തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന അക്ഷരശിലയായി ചുങ്ങപ്ലാക്കല്‍ മാപ്പിള സ്‌കൂള്‍ ഇന്നും തലഉയര്‍ത്തി നില്‍ക്കുന്നു. ഇന്ന് രാവിലെ ഒന്‍പതിന് വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുറഹിമാന്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ തുടങ്ങും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം നടക്കും. എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി ടീച്ചര്‍ അധ്യക്ഷത വഹിക്കും. പൂര്‍വവിദ്യാര്‍ഥി സംഗമം, ഗുരുപൂജ, സാസംകാരിക സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, മധുരസ്മരണകള്‍, കലാപരിപാടികള്‍, യാത്രയപ്പു സമ്മേളനം എന്നീ വൈവിധ്യ പരിപാടികള്‍ നടത്തുന്നുണ്ട്. 13ന് വൈകീട്ട് നാലിനാണ് സമാപന സമ്മേളനം. സി. പി. മുഹമ്മദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കരുണാകരന് യാത്രയപ്പ് നല്‍കും. പട്ടാമ്പി സിഐ ജോണ്‍സണ്‍ ഫോട്ടോ അനാച്ഛാദാനം ചെയ്യും. രാഷ്ട്രിയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.