ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഒരാള്‍ കസ്റ്റഡിയില്‍

Posted on: April 11, 2015 4:44 am | Last updated: April 10, 2015 at 10:45 pm

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുറ്റാട് മലയച്ചംകൊല്ലി കോളനിയിലാണ് സംഭവം. ഇതേ കോളനിയിലെതന്നെ താമസക്കാരനായ പൗലോസ് (49) യാണ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണിക്കുപോയ നേരത്ത് പൗലോസും ഭാര്യയും ചേര്‍ന്ന് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.
രണ്ടാഴ്ച മുന്‍പാണ് മദ്യം നല്‍കിയ ശേഷം കയ്യും കാലും കെട്ടിയിടുകയു വസ്ത്രം വലിച്ചു കീറുകയും ചെയ്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. പലതവണയായി ഇത്തരം പീഡനശ്രമം നടക്കുന്നതായും പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുന്നതായും കുട്ടി പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് ഉത്തരമേഖല ഡി ഐ ജി ദിനചന്ദ്ര കശ്യപ്, എസ് എം എസ് ഡി വൈ എസ് പി ആര്‍ റസ്റ്റം, താല്‍ക്കാലിക ചുമതല വഹിക്കുന്ന വയനാട് എസ് പി സാലി, മാനന്തവാടി ഡി വൈ എസ് പി എ ആര്‍ പ്രേംകുമാര്‍, ബത്തേരി സി ഐ ബിജുരാജ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയെ വൈദ്യപരിശോധനക്കു ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.