Connect with us

Wayanad

ജില്ലയില്‍ പട്ടുനൂല്‍ കൃഷിക്ക് പ്രിയമേറുന്നു

Published

|

Last Updated

കല്‍പ്പറ്റ:കാര്‍ഷിക മേഖലയിലെ പുത്തന്‍ സാധ്യതയായ പട്ടുനൂല്‍ കൃഷിക്ക് ജില്ലയില്‍ പ്രിയമേറുന്നു. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ബൈമോള്‍ട്ടെയ്ന്‍ വിഭാഗത്തിലെ മികച്ച ഗുണമേ•യുള്ള ഹൈബ്രിഡ് കൊക്കൂണുകളാണ് ജില്ലയില്‍ കൃഷി ചെയ്യുന്നത്.
പട്ടുനൂല്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് 2010 ലാണ് സെറിഫെഡ് ഗ്രാമ വികസന വകുപ്പ് ഏറ്റെടുത്തത്. കര്‍ണ്ണാടകയിലെ രാംനഗറില്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മാര്‍ക്കറ്റ് കൊക്കൂണ്‍ വിപണനത്തിന് സംവിധാനമൊരുക്കിയതോടെയാണ് ജില്ലയിലെ കര്‍ഷകര്‍ക്ക് പട്ടുനൂല്‍ കൃഷിയുടെ നേട്ടം ലഭിച്ചത്. 2013-14 വര്‍ഷത്തില്‍ 1300 കിലോ കൊക്കൂണാണ് 16 കര്‍ഷകരില്‍ നിന്ന് മാത്രം വിളവെടുത്തത്. 2015 ആയപ്പോഴേക്കും 29 കര്‍ഷകരില്‍ നിന്നുള്ള കൊക്കൂണ്‍ ഉത്പാദനം 4502 കിലോയായി ഉയര്‍ന്നു. 300 മുതല്‍ 400 രൂപ വരെയാണ് ഒരുകിലോ കൊക്കൂണിന് വിപണിയില്‍ ലഭിക്കുന്നത്. നടീല്‍ ഉപകരണങ്ങള്‍, പുഴു വളര്‍ത്തല്‍ ഷെഡ്, യന്ത്ര വത്കരണം തുടങ്ങിയവയ്ക്ക് 50 ശതമാനം സബ്‌സിഡിയും ജലസേചനത്തിന് 75 ശതമാനം സബ്‌സിഡിയും, കര്‍ഷകര്‍ക്ക് ഓരോ കിലോ കൊക്കൂണിന് 50 രൂപ പ്രോത്സാഹന വിലയും ഗ്രാമ വികസന വകുപ്പ് നല്‍കുന്നു. പട്ടുനൂല്‍ കൃഷിയില്‍ താല്‍പര്യമുള്ളവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക പരിശീലനങ്ങളും വകുപ്പ് നല്‍കുന്നുണ്ട്. അമ്പലവയല്‍, കണിയാമ്പറ്റ, വെള്ളമുണ്ട, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ പഞ്ചായത്തുകളിലാണ് പ്രധാനമായും പട്ടുനൂല്‍ കൃഷിചെയ്യുന്നത്. രാസവള പ്രയോഗവും കീടനാശിനികളും മണ്ണിനെ മലിനമാക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദ കൃഷിരീതിയിലൂടെ മികച്ച നേട്ടം കൈവരിക്കുകയാണ് പട്ടുനൂല്‍ കര്‍ഷകര്‍.