അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിംഗ്: ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

Posted on: April 11, 2015 5:41 am | Last updated: April 10, 2015 at 10:42 pm

കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ 18ന് നടക്കുന്ന അന്താരാഷ്ട്ര സൈക്ലിംഗ് മത്സരത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി സബ്കലക്ടര്‍ ശീറാം സാംബശിവ റാവു അറിയിച്ചു.
മത്സരവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ മത്സരം ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്ന അന്തര്‍ദേശീയ-ദേശീയ താരങ്ങള്‍ക്കുള്ള താമസ സൗകര്യവും മറ്റു അനുബന്ധ സൗകര്യങ്ങളും സജ്ജമായതായി അദ്ദേഹം പറഞ്ഞു. 18 ന് രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും. രാവിലെ എട്ട് മുതല്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. കാണികള്‍ക്കായി പ്രിയദര്‍ശിനി എസ്റ്റേറ്റിലേക്ക് പ്രത്യേക ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും.
വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനം 16 നും മത്സരത്തിന്റെ ട്രയല്‍ 17 നും നടക്കും. സംസ്ഥാന ടൂറിസം വകുപ്പ് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട് ഡിറ്റിപിസി, സൈക്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്കുപുറമേ യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, സിംഗപ്പൂര്‍, അര്‍മേനിയ, ന്യൂസിലാന്റ്, മൗറീഷ്യസ്, ബ്രൂണേ തുടങ്ങി 15 വിദേശ രാജ്യങ്ങളിലെ കായികതാരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷയാകും. റാലി കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ ഫഌഗ് ഓഫ് ചെയ്യും. എം.ഐ. ഷാനവാസ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, എം.വി. ശ്രേയാംസ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍, ജില്ലാ പോലീസ് മേധാവി അജിതാ ബീഗം തുടങ്ങിയവര്‍ പങ്കെടുക്കും.