Connect with us

National

നേതാജിയെ നെഹ്‌റു സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര പോരാളിയും ധീര ദേശാഭിമാനിയുമായിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനത്തിലെ ദുരൂഹത തുടരുന്നതിനിടെ, ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ ബോസിന്റെ ബന്ധുക്കളെ രണ്ട് പതിറ്റാണ്ടോളം നിരന്തര നിരീക്ഷണ വിധേയമാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
ഇന്റലിജന്‍സ് ബ്യൂറോയുടെ രേഖകളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് “മെയില്‍ ടുഡെ” റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച രേഖ ഇത്രയും നാള്‍ അതീവ രഹസ്യമാക്കി വെച്ചതായിരുന്നു. അടുത്തകാലത്ത് അത് പരസ്യ രേഖയാക്കി മാറ്റി. രേഖ ഇപ്പോള്‍ നാഷനല്‍ ആര്‍ക്കൈവ്‌സിലുണ്ട്. 1948 മുതല്‍ 1968വരെയാണ് ബോസിന്റെ ബന്ധുക്കളെ നെഹ്‌റു സര്‍ക്കാര്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോസിന്റെ ബന്ധുക്കളുടെ കൊല്‍ക്കത്തയിലെ വുഡ്ബണ്‍ പാര്‍ക്കിലെ ഒരു വസതിയും എല്‍ജിന്‍ റോഡിലെ 38/2 നമ്പര്‍ വസതിയുമാണ് നിരന്തര നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഐ ബി നേരിട്ട് പ്രധാനമന്ത്രി നെഹ്‌റുവിനാണ് നല്‍കിയിരുന്നതെന്ന് രേഖ പറയുന്നു. 1947മുതല്‍ 1964വരെയായിരുന്നു നെഹ്‌റുവിന്റെ ഭരണകാലം. നെഹ്‌റുവും ബോസും നല്ലബന്ധത്തിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശരത് ചന്ദ്ര ബോസിന്റെ മക്കളും നേതാജിയുടെ അനന്തരവരുമായ ശിശിര്‍ കുമാര്‍ ബോസ്, അമിയനാഥ് ബോസ് എന്നിവരെയായിരുന്നു നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്. നേതാജിയുടെ ഓസ്ത്രിയയിലായിരുന്ന ഭാര്യ എമിലി ഷെനെലിന് ഇവര്‍ ഇരുവരും കത്തുകളയക്കാറുണ്ട്.
ഐ ബി റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് കാര്യമായി എടുക്കാതെ വിട്ടപ്പോള്‍, ബി ജെ പി ഇത് നിസ്സാര സംഭവമല്ലെന്ന് അഭിപ്രായപ്പെട്ടു.
സുഭാഷ് ചന്ദ്ര ബോസിനെ സംബന്ധിച്ച രഹസ്യ ഫയലുകള്‍ പരസ്യപ്പെടുത്താത്തതിന് എന്താണ് കാരണമെന്ന് അറിയിക്കാന്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. അതിനിടയിലാണ് നേതാജി കുടുംബാംഗങ്ങളെ ഐ ബി രഹസ്യ നിരീക്ഷണം നടത്തിയിരുന്നുവെന്ന വിവരം പുറത്ത് വന്നത്. നേതാജിയുടെ കുടുംബാംഗങ്ങളെ നിരീക്ഷിക്കാന്‍ നെഹ്‌റു സര്‍ക്കാര്‍ ചാരന്മാരെ നിയോഗിച്ചുവെന്നത് നടുക്കമുളവാക്കുന്ന സംഭവമാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കൊ പറഞ്ഞു.

Latest