അധികൃതര്‍ ഉറപ്പ് പാലിച്ചില്ലെന്ന് ആക്ഷന്‍ കമ്മിറ്റി; അപകടക്കെണിയൊരുക്കി കല്‍പ്പറ്റ ബൈപാസ് റോഡ്

Posted on: April 10, 2015 10:00 am | Last updated: April 10, 2015 at 10:00 am

കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപ്പാസ് റോഡ് അപകടങ്ങള്‍ പതിയിരിക്കുന്ന കെണിയായി മാറുമ്പോഴും അധികാരികളുടെ അനാസ്ഥ തുടര്‍ക്കഥയാകുന്നു.
ഒരു കുട്ടിയടക്കം മൂന്നുപേര്‍ മരണപ്പെട്ടിട്ട് ഒരു മാസം ആകാറായിട്ടും അധികാരികള്‍ ബൈപ്പാസ് റോഡ് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ക്ക് നല്‍കിയ ഉറപ്പ് ഒരു സ്പീഡ് ബ്രൈക്കറില്‍ ഒതുങ്ങി നില്‍ക്കുന്നു. അപകട ദിവസം റോഡ് ഉപരോധിച്ച ആക്ഷന്‍ കമ്മറ്റി ഭാരവാഹികളെകഴിഞ്ഞ മാസം 16-ന് ചര്‍ച്ചക്ക് വിളിച്ചിരുന്നു.
അന്ന് കലക്ടര്‍ ആര്‍ ടി ഒ, പി ഡബ്ല്യു ഡി ഓഫീസര്‍ തുടങ്ങി നിരവധി ഉദേ്യാഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അധികാധികള്‍ സമ്മതിച്ചത്. അടിയന്തിരമായി കാര്യങ്ങള്‍ നീക്കും എന്നായിരുന്നു ഉറപ്പ്. റോഡിന് ഇരുവശവും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സ്റ്റീല്‍ഫെന്‍സിംഗ്, നടപ്പാത, റോഡിന് മറവായി നില്‍ക്കുന്ന വളവുകളിലെ മണല്‍തിട്ട നീക്കല്‍, റോഡിലേക്ക് കയറിനില്‍ക്കുന്ന ഇലക്ട്രിക്‌പോസ്റ്റ് സൈഡിലേക്ക് മാറ്റല്‍, ബൈപ്പാസില്‍ വേഗത നിയന്ത്രിക്കുന്ന ബോര്‍ഡുകളും, അപകടസൂചനാ ബോര്‍ഡുകളും സ്ഥാപിക്കല്‍, ലിങ്ക് റോഡുകള്‍, ബൈപ്പാസിലേക്ക് കയറുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കല്‍ എന്നീ ആവശ്യങ്ങളാണ് അന്ന് അംഗീകരിച്ചിരുന്നത്.
എന്നാല്‍ വിംസ് മെഡിക്കല്‍ കോളേജിന്റെ സ്പീഡ് ബ്രൈക്കര്‍ സ്വകാര്യ സ്‌കൂളിന് മുന്‍പിലും മൂന്നുപേരുടെ മരണത്തിനിടയാക്കിയ സ്ഥലത്തുമാണ് വെച്ചത്. ഇത് വീണ്ടും വലിയൊരു അപകടത്തിലേക്കാണ് നീങ്ങുന്നത്.
,സ്വകാര്യ സ്‌കൂളിന് മുന്‍പിലുള്ള ബോര്‍ഡ് കാരണം എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. റിഫഌക്ടര്‍ ബോര്‍ഡ് അല്ലാത്തത് കാരണം രാത്രിവരുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോഴാണ് ബോര്‍ഡ് കാണുന്നത്. ഇതിനിടെ പഴയ സ്പീഡ് ബ്രൈക്കറുകള്‍ വാഹനങ്ങള്‍ ഇടിച്ച് പൊളിച്ചിരുന്നു. ഇത് പ്രദേശവാസികള്‍ മരക്കമ്പുകള്‍കൊണ്ട് കുത്തിനിര്‍ത്തിയിരിക്കുകയാണ്. ബൈപ്പാസ് റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. വളവുകളില്‍ മുപ്പത്തഞ്ച് നാല്‍പതിലധികം മീറ്റര്‍ വീതിയുള്ള സ്ഥലങ്ങളില്‍ റോഡ് വളവില്ലാതെ നിവര്‍ത്തി എടുക്കാമായിരുന്നു. റോഡിന്റെ നിര്‍മ്മാണസമയത്ത് പ്രദേശവാസികള്‍ അധികാരികളോട് വരാന്‍പോകുന്ന അപകടത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. മൂന്നുപേരുടെ മരണത്തിനിടയാക്കിയ സ്ഥലത്തിന് എതിര്‍വശത്ത് വളരെ അഗാതമായ കുഴിയാണ്. പ്രദേശവാസികളില്‍ തന്നെ ഇവിടം കാണുമ്പോള്‍ ഭീതി നിഴലിച്ചു നില്‍ക്കുകയാണ്.
റോഡിന്റെ ഈ ഭാഗത്ത് കെട്ടിയ കരിങ്കല്‍കെട്ടില്‍ നിന്നും പത്ത് മീറ്ററിലധികം ബൈപ്പാസിന്റെ സ്ഥലമാണ്. അന്ന് ഇത് കരിങ്കല്‍ കൊണ്ട് നീക്കി കെട്ടിയിരുന്നെങ്കില്‍ സര്‍ക്കാരിന് വീണ്ടും ഒരു ടെണ്ടര്‍ കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. റോഡിന് ഒരുപാട് വീതിയും വളവ് നികന്നു കിട്ടുകയും ചെയ്യുമായിരുന്നു. അശാസ്ത്രീയമായി റോഡ് നിര്‍മ്മിച്ചതുവഴി ബൈപ്പാസ് റോഡില്‍ വന്‍ അഴിമതി നടന്നതായി സംശയിക്കേണ്ടാതായി വരുന്നു.
കലക്ടറുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് നല്‍കിയ ഉറപ്പ് ഈ വരുന്ന ഇരുപതാം തിയതിക്ക് മുമ്പ് നടപ്പാക്കിയില്ലെങ്കില്‍ റോഡ് ഉപരോധമടക്കം ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അംബാളി ഹംസ, കണ്‍വീനര്‍ സലിം കല്‍പ്പറ്റ എന്നിവര്‍ അറിയിച്ചു