Connect with us

International

യമനിലെ വ്യോമാക്രമണം അവസാനിപ്പിക്കണം: ഇറാന്‍

Published

|

Last Updated

ദുബൈ: സഊദി അറേബ്യയും അറബ് സഖ്യരാജ്യങ്ങളും യമനില്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ആവശ്യപ്പെട്ടു. ഈ നീക്കം വിജയിക്കില്ലെന്നും പ്രദേശത്തെ രാജ്യങ്ങള്‍ ചേര്‍ന്ന് പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം ടെലിവിഷന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
യമനിനെ പോലുള്ള മഹത്തായ ഒരു രാഷ്ട്രം ബോംബുകള്‍ക്ക് കീഴ്‌പ്പെടരുത്. നമുക്ക് യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചും വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ചും കൂടിയിരുന്ന് ചര്‍ച്ച ചെയ്യാം. യമനിനെ ചര്‍ച്ചയുടെ മേഖലയിലേക്ക് കൊണ്ടുവരുകയാണ് ആവശ്യം. യമനിന്റെ ഭാവി നിശ്ചയിക്കേണ്ടത് യമനിലെ തന്നെ ജനങ്ങളാണ്. അല്ലാതെ മറ്റൊരാളും അതില്‍ ഇടപെടാന്‍ ഇടവരരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി സഊദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ യമനില്‍ കലാപം സൃഷ്ടിക്കുന്ന ഹൂത്തികള്‍ക്ക് നേരെ വ്യോമാക്രമണം തുടരുകയാണ്. ആദനില്‍ നിന്ന് ഹൂത്തികളെ പിന്തിരിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് ഇപ്പോള്‍ ഈ രാജ്യങ്ങള്‍. യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ തങ്ങള്‍ പിന്തുണക്കുന്നതായും ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹൂത്തികള്‍ക്ക് ആയുധം നല്‍കുന്ന ഇറാന്റെ നടപടിയെ അപലപിക്കുന്നതായും അറബ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാന്റെ ഇടപെടലുകളെ എതിര്‍ത്തു സംസാരിച്ചു.