ആന്ധ്രാ ‘ഏറ്റുമുട്ടല്‍’: മൃതദേഹങ്ങളുമായി ബന്ധുക്കള്‍ റോഡുപരോധിച്ചു

Posted on: April 10, 2015 3:46 am | Last updated: April 9, 2015 at 11:48 pm

hydrabad encounter2ചെന്നൈ: ആന്ധ്രാപ്രദേശില്‍ ചന്ദനക്കൊള്ളക്കാരെന്ന് മുദ്രകുത്തി പോലീസ് വെടിവെച്ച് കൊന്നവരുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡുപരോധിച്ചത് സംഘര്‍ഷത്തിനിടയാക്കി. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലാണ് കൊല്ലപ്പെട്ട ശശികുമാര്‍, മുരുകന്‍ എന്നിവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ റോഡുപരോധിച്ചത്. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കളുടെ പ്രതിഷേധം. മൃതദേഹം അടക്കം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അരക്കോണം, ഹൊസൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതിഷേധം തുടരുന്നത്. സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കോലം കത്തിച്ചു.
കൊല്ലപ്പെട്ടവരില്‍ 12 പേര്‍ തിരുവാണമലൈ ജില്ലയില്‍ നിന്നുള്ളവരും ഏഴ് പേര്‍ ധര്‍മപുരിയില്‍ നിന്നുള്ളവരും ഒരാള്‍ സേലം സ്വദേശിയുമാണ്. തങ്ങളെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ സ്വയം രക്ഷക്കായി വെടിയുതിര്‍ത്തുവെന്ന പോലീസിന്റെ വാദം പൊളിച്ച് കൊണ്ട് സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ വിശദീകരണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏഴ് പേരെ തമിഴ്‌നാട്- ആന്ധ്രാ അതിര്‍ത്തിയില്‍ ബസില്‍ സഞ്ചരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു ഇദ്ദേഹം വെളിപ്പെടുത്തിയത്. അതേസമയം വ്യജ ഏറ്റുമുട്ടലാണെന്ന ആരോപണം തള്ളിക്കൊണ്ട് ആന്ധ്രാസര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്.