വീട്ടുകരവും മുദ്രപത്രവില കൂട്ടിയതും പിന്‍വലിക്കണമെന്ന് യു ഡി എഫ്

Posted on: April 10, 2015 4:37 am | Last updated: April 9, 2015 at 11:39 pm

udfതിരുവനന്തപുരം: വര്‍ധിപ്പിച്ച വീട്ടുകരം പിന്‍വലിക്കണമെന്ന് യു ഡി എഫ് യോഗം സര്‍ക്കാറിനോട് ആവശപ്പെട്ടു. 2000 സ്‌ക്വയര്‍ഫീറ്റ് വരെ തറ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് പഴയ നിരക്ക് നിലനിര്‍ത്തണം. വാണിജ്യ വ്യവസായങ്ങള്‍ക്ക് ഉപയഗിക്കുന്ന കെട്ടിടങ്ങളുടെ നികുതി വര്‍ധന പരമാവധി 100 ശതമാനത്തില്‍ കവിയരുത്. വര്‍ധിപ്പിച്ച തുക അടച്ചവര്‍ക്ക് അടുത്ത തവണ ഈ തുക കുറച്ചു നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു. വാടകച്ചീട്ട് എഴുതാനുള്ള മുദ്രപ്പത്രത്തിന്റെ വില വര്‍ധിപ്പിച്ച നടപടിയെയും യോഗം വിമര്‍ശിച്ചു. ധനകാര്യ ബില്ലിലെ അപാകത അടിയന്തരമായി പുനപരിശോധിക്കണം. ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ക്കുകയും ജൂണ്‍ മാസം മുതല്‍ ബേങ്ക് അക്കൗണ്ടിലൂടെ പെന്‍ഷന്‍ നല്‍കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. ഇനി കുടിശിക ഉണ്ടാവില്ലെന്നും മണിയോര്‍ഡര്‍ വഴി ബേങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറുമെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി മാണി അറിയിച്ചു.
യമനില്‍ കഴിയുന്ന മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇതുവരെ 2000ത്തോളം മലയാളികള്‍ നാട്ടിലെത്തിക്കഴിഞ്ഞുവെന്നും 1000ത്തോളം പേര്‍ മടക്കയാത്രക്കായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. യോഗത്തിനിടയില്‍ തന്നെ മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയുമായും ഇന്ത്യന്‍ അംബാസിഡറുമായും ഫോണില്‍ ബന്ധപ്പെട്ടു. ഇന്ന ്മൂന്ന് വിമാനം അയക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. യമനിലെ ചില പ്രദേശങ്ങളില്‍ മലയാളികള്‍ ചിന്നിച്ചിതറി കിടപ്പുണ്ടെന്നും അവരെക്കൂടി നാട്ടിലെത്തിക്കാന്‍ ഫലപ്രദമായ നടപടി വേണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
റബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് 23ന് കേരളത്തിലെ എം പിമാരുമായി കേന്ദ്ര വാണിജ്യമന്ത്രി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി മുഖ്യമന്ത്രി പങ്കെടുക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാരിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കര്‍മ്മ പദ്ധതികള്‍ക്കും പ്രാഥമിക രൂപവും യോഗത്തിലുണ്ടായി. സര്‍ക്കാരിന്റെ നേട്ടങ്ങളും സര്‍ക്കാറിനും മുന്നണിക്കും എതിരെ നടക്കുന്ന കുപ്രചരണങ്ങളുടെ നിജസ്ഥിതിയും ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കാനായി മൂന്ന ്‌മേഖലാ ജാഥകളും യോഗങ്ങളും ഭവന സന്ദര്‍ശന പരിപാടിയും സംഘടിപ്പിക്കാനും തീരുമാനമായി. കേന്ദ്രസര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള ലഘുലേഖകള്‍ പുറത്തിറക്കും.
ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന് ഈ കാലയളവില്‍ ഒരു നേട്ടവും ഉണ്ടാക്കാനായില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. മതവിദ്വേഷം ഉണ്ടാക്കാനും അതിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താനുമാണ് ശ്രമം. കേന്ദ്രം നടപ്പാക്കുന്ന ഹിന്ദുത്വ അജണ്ടയില്‍ രാജ്യത്തെ സാധാരണക്കാരായ ഭൂരിപക്ഷം ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് എതിര്‍പ്പാണുള്ളത്. ഇത്രകാലം അവധി ദിനങ്ങളായിരുന്ന ക്രിസ്തുമസ്, ഈസ്റ്റര്‍, ദുഃഖവെള്ളി, മുഹറം തുടങ്ങിയ പുണ്യദിനങ്ങളില്‍ ദേശീയ സമ്മേളനങ്ങള്‍ നടത്തുന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടികളില്‍ ജനരോഷം ഉയര്‍ന്നിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്റെ വില കുറഞ്ഞതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഇക്കാര്യങ്ങളെല്ലാം ലഘുലേഖകളിലൂടെ ജനങ്ങളിലെത്തിക്കാന്‍ യോഗം തീരുമാനിച്ചു.