Connect with us

Kerala

മാണിയുടെയും മകന്റെയും അനധികൃത സ്വത്തിനെ കുറിച്ച് അന്വേഷിക്കണം: പി സി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: കെ എം മാണി അഴിമതിക്കാരനും കൊള്ളക്കാരനുമാണെന്നും അദ്ദേഹത്തിന്റെയും മകന്റെയും വിദേശത്തുള്‍പ്പെടെയുള്ള അനധികൃത സ്വത്തുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പി സി ജോര്‍ജ്. മാണി കുടുംബാധിപത്യത്തിന് ശ്രമിക്കുന്ന കച്ചവടക്കാരനുമാണെന്ന് ജോര്‍ജ് ആരോപിച്ചു. ചീഫ്‌വിപ്പ് സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്ത് വി എസ് ഡി പിയുടെ നേതൃത്വത്തില്‍ നല്‍കിയ പൗര സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10000 രൂപക്ക് വേണ്ടി കേരളാകോണ്‍ഗ്രസിലെത്തിയ മാണി ഇന്ന് 10000 കോടിയുടെ സ്വത്തിനുടമയായ അപകടകാരിയായ രാഷ്ട്രീയക്കാരനാണ്.
കേരളത്തിന്റെ ധനകാര്യ മന്ത്രി നിലവില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ കാന്‍ഓവര്‍ ബേങ്കിന്റെ ഡയറക്ടറാണെന്നത് ശ്രദ്ധേയമാണ്. മാണിയും മകനും ഇടക്കിടെ ഫ്‌ളോറിഡയിലെ ബഹാമസ് ദ്വീപില്‍ പോകുന്നതെന്തിനാണെന്ന് അന്വേഷിക്കണം. ജോസ് കെ മാണിയുടെ പേരില്‍ ശ്രീലങ്കയില്‍ എത്ര റിസോര്‍ട്ടുകള്‍ ഉണ്ടെന്നും അന്വേഷിക്കണം. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ബജറ്റ് വില്‍പ്പന ഉള്‍പ്പെടെയുള്ള മാണിയുടെ അഴിമതി മുഖ്യമന്ത്രിക്ക് വ്യക്തമായി അറിയാം. മാണിയുടെ മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുര്‍ബലനാണ്.
മക്കള്‍ രാഷ്ട്രീയത്തിനപ്പുറം കുടുംബ രാഷ്ട്രീയ വാഴ്ചയാണ് മാണി നടത്തുന്നത്. സര്‍വീസിലിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് വിദേശത്ത് പോയതിന്റെ പേരില്‍ ഐ എ എസ് റദ്ദാക്കപ്പെട്ട മാണിയുടെ മകളുടെ ഭര്‍ത്താവ് എം പി ജോസഫിനെ സംസ്ഥാനത്തിന്റെ വന്‍കിട പദ്ധതികള്‍ക്ക് പണ ചെലവിക്കുന്നതിന്റെ കണ്‍സള്‍ട്ടന്റായി നിയമിച്ചിരിക്കുകയാണ് മാണി. താന്‍ ആരോപണമുന്നയിക്കുന്നത് സ്ഥാനം നഷ്ടമായതിന്റെ പേരിലല്ല. പദവിയിലിരിക്കെ തന്നെ പലതവണ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കറാക്കി മാണി തന്റെ വായടപ്പിക്കാന്‍ ശ്രമിച്ചു. തന്നെ എതിര്‍ക്കുന്നവര്‍ സമൂഹത്തിലെ കള്ളനാണയങ്ങളാണെന്നും ജോര്‍ജ് പറഞ്ഞു.