മലയാളികളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം പതിവാക്കിയ സ്ത്രീയെ മോഷണ ശ്രമത്തിനിടെ പിടികൂടി

Posted on: April 9, 2015 5:10 pm | Last updated: April 9, 2015 at 5:10 pm

ഷാര്‍ജ; മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം പതിവാക്കിയ സ്ത്രീയെ ഉടമകള്‍ കയ്യോടെ പിടികൂടി. ഇന്നലെ ഉച്ചക്ക് മോഷണത്തിനെത്തിയപ്പോഴാണ് ഏഷ്യന്‍ വംശജയായ സ്ത്രീയെ പിടികൂടിയത്.
ഷാര്‍ജ, അല്‍ ഗുബൈബയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് മോഷണം നടത്തിയത്. മലപ്പുറം, തിരൂരങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍മാര്‍ക്കറ്റ്. ഇതോടൊപ്പം റൈസ് മില്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സദാസമയവും നല്ല കച്ചവടം നടക്കുന്ന സ്ഥലത്തെ പഴയ വ്യാപാര സ്ഥാപനമാണിത്.
സ്ഥാപനത്തില്‍ നിന്ന് പതിവായി സാധനങ്ങള്‍ നഷ്ടപ്പെടുന്നതായി ഉടമകള്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഇതിനിടെ സംശയത്തെ തുടര്‍ന്ന് കടയിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോള്‍ ഒരു സ്ത്രീ സാധനങ്ങള്‍ മോഷ്ടിക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് സ്ഥാപനത്തിലെത്തുന്നവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് പിടിയിലായ സ്ത്രീയെത്തിയത്. സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ സമീപത്തെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുടെ വീട്ടുവേലക്കാരിയാണെന്നായിരുന്നുവത്രെ മറുപടി. നിജസ്ഥിതി അറിയാനായി ജീവനക്കാര്‍ കൊണ്ടുവരവെ കോമ്പൗണ്ടിനകത്ത് കയറിയ സ്ത്രീ സമയം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് കാവല്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ കോമ്പൗണ്ടിനകത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടി പുറത്താക്കുകയായിരുന്നു.
ഈ സമയമത്രയും ജീവനക്കാര്‍ സ്ഥാപനത്തിനു പുറത്ത് സ്ത്രീയെ കാത്തിരിക്കുകയായിരുന്നു. ഇതോടെ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാവുകയും പോലീസില്‍ വിവരമറിയിക്കാന്‍ ജീവനക്കാര്‍ തയ്യാറാവുകയും ചെയ്തതോടെ ഓരോ കാരണങ്ങള്‍ പറഞ്ഞ് സ്ത്രീ ഒഴിഞ്ഞുമാറി. ഒടുവില്‍ സ്ത്രീയെ വെറുതെവിടുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ നാലു ദിവസത്തോളമായി തുടര്‍ച്ചയായി മോഷണം നടത്തിയിരുന്നതായി ഉടമകളിലൊരാള്‍ പറഞ്ഞു. കോഴി, പാല്‍പ്പൊടി തുടങ്ങിയ വിലകൂടിയ സാധനങ്ങളാണ് മോഷ്ടിച്ചതെന്നും ഇയാള്‍ പറഞ്ഞു. മോഷ്ടിച്ചെടുക്കുന്ന സാധനങ്ങള്‍ നൈറ്റിക്കുള്ളിലാണത്രെ ഒളിപ്പിച്ചുവെക്കാറ്. ഇതു സി സി ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്നുണ്ടെന്നും ഉടമ വ്യക്തമാക്കി.
അമ്പതിലേറെ വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ ഇന്നലെ മോഷണത്തിനെത്തുമ്പോള്‍ ജീന്‍സും നീളന്‍ കുപ്പായവുമാണ് ധരിച്ചിരുന്നത്. യാതൊരു കൂസലും സ്ത്രീയുടെ മുഖത്ത് വ്യക്തമായിരുന്നില്ല.