Connect with us

Wayanad

ഹര്‍ത്താല്‍: നെല്ലറ നിശ്ചലമായി

Published

|

Last Updated

പാലക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക, മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം.
മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ബസുകളും ടാക്‌സികളും ഓട്ടോറിക്ഷകളൊന്നും സര്‍വീസ് നടത്തിയില്ല. അതേ സമയം സ്വകാര്യവാഹനങ്ങള്‍ ഭാഗികമായി സര്‍വീസ് നടത്തി.
സ്വകാര്യവാഹനങ്ങള്‍തടയില്ലെന്ന് ഹര്‍ത്താലനൂകുലികള്‍ നേരത്തെ അറിയിച്ചിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു.നെല്ലിന്റെ താങ്ങു വില വര്‍ധിപ്പിക്കുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, റബ്ബര്‍ കൃഷി മേഖലയിലുള്‍പ്പെടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍കര്‍ഷക ദ്രോഹനടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇടത പക്ഷ സംയുക്ത കര്‍ഷകസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമിതി പണിമുടക്ക് നടത്തിയത്.
ഹര്‍ത്താലിനെ തുടര്‍ന്ന് വിക്ടോറിയ കോളജില്‍ ആര്‍മി റിക്രൂട്ട്‌മെന്റിന് എത്തിയ ഉദ്യോഗര്‍ഥികള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. ഇത് മൂലം റിക്രൂട്ട്‌മെന്റിലെ കായിക ക്ഷമത പരീക്ഷയെ ബാധിക്കുമെന്നാണ് ഉദ്യോഗര്‍ഥികള്‍ പറയുന്നത്. റോഡ് വക്കില്‍ വണ്ടികളില്‍ വില്‍പ്പനക്കെത്തിയ പഴവര്‍ക്ഷങ്ങളാണ് ആശ്വാസം നല്‍കിയത്.
പാലക്കാട്- പഴനിയിലേക്ക് ഒരു ബസ് സര്‍വീസും കോയമ്പത്തൂരിലേക്ക് രണ്ട് ബസും പാലക്കാട് ഡിപ്പോയില്‍ നിന്ന് കെ എസ് ആര്‍ ടി സി രാവിലെ സര്‍വീസ് നടത്തിയിരുന്നു. അഞ്ചരക്ക് ശേഷം കെ എസ് ആര്‍ ടി സി സാധാരണപോലെ സര്‍വീസ് നടത്തി. ഹര്‍ത്തലാനുകൂലികള്‍ വിക്ടോറിയ കോളജില്‍ നിന്ന് അഞ്ചു വിളക്ക് വരെ പ്രകടനം നടത്തിയിരുന്നു. ജില്ലയില്‍ ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. സര്‍ക്കാര്‍ ഓഫീസുകളും
പൊതു മേഖല സ്ഥാപനങ്ങളും നാമമാത്രമാണ് പ്രവര്‍ത്തിച്ചത്. ഹര്‍ത്താല്‍ പൊതു വെ സമാധാനപരമായിരുന്നു. ആലത്തൂര്‍, വടക്കഞ്ചേരി, ഒറ്റപ്പാലം, പട്ടാമ്പി, കൊല്ലങ്കോട്, നെന്മാറ, തരൂര്‍, കുഴല്‍മന്ദം തുടങ്ങി പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വടക്കഞ്ചേരി: ഹര്‍ത്താലിന്റെ ഭാഗമായി സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കണ്ണമ്പ്ര പുളിങ്കൂട്ടത്ത് സി പി എം ഏരിയസെക്രട്ടറി ടി കണ്ണന്‍ ഉദ്ഘാടനം ചെയതു. എം ചെന്താമരാക്ഷന്‍ അധ്യക്ഷത വഹിച്ചു. സി ശിവദാസ് സംസാരിച്ചു.
ബേങ്ക് ജംഗ്ഷനില്‍ സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. എം കെ സുരേന്ദ്രന്‍, പി കെ ഹരിദാസ്, പി എം മോഹനന്‍ പ്രസംഗിച്ചു. കാരപ്പൊറ്റയില്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹി്ച്ചു. രവീന്ദ്രന്‍ കുന്നംപുള്ളി, കെ ആര്‍ പ്രഭാകരന്‍, സി പി ചന്ദ്രന്‍ പ്രസംഗിച്ചു.
കിഴക്കഞ്ചേരി തച്ചക്കോട്ടില്‍ ടി വി ശിവദാസ് അധ്യക്ഷത വഹിച്ചു, പി എം കലാധരന്‍, ടി ആര്‍ ബാലചന്ദ്രന്‍, പി സുന്ദരന്‍, രവീന്ദ്രന്‍ പ്രസംഗിച്ചു. വേളാമ്പുഴയില്‍ വി രാധാകൃഷ്ണന്‍, ശശി, വിശ്വനാഥന്‍ പ്രസംഗിച്ചു. പറശേരിില്‍ കെ ബാലന്‍, മണി , പ്രസാദ് പ്രസംഗിച്ചു. തെക്കിന്‍ കല്ലായില്‍ കെ രവീന്ദ്രന്‍, ആറുമുഖന്‍ പ്രസംഗിച്ചു. കക്കഞ്ചേരിയില്‍ കെ ബാലന്‍, കെ ഗോകുല്‍ദാസ് പ്രസംഗിച്ചു. വാല്‍ക്കുളമ്പില്‍ കെ പി സണ്ണി, എ ടി ഔസേഫ് പ്രസംഗിച്ചു.വണ്ടാഴിയില്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം രാജേഷ്, കേശവന്‍ കുട്ടി, എസ് സന്തോഷ് പ്രസംഗിച്ചു.