Connect with us

Kozhikode

ബീച്ച് ആശുപത്രിയിലെ നീതി മെഡിക്കല്‍ സ്റ്റോര്‍ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു

Published

|

Last Updated

കോഴിക്കോട്: നിര്‍ധന രോഗികളുടെ അഭയകേന്ദ്രമായ ബീച്ച് ആശുപത്രിയിലെ കണ്‍സ്യമൂര്‍ ഫെഡ് നീതി മെഡിക്കല്‍ സ്റ്റോര്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് ബിച്ചിലേത്. ദിനേന നൂറ്കണക്കിന് നിര്‍ധന രോഗികളാണ് ഇവിടെയെത്തുന്നത്. ഇവര്‍ക്കെല്ലാം വലിയ ആശ്വാസമായ കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോര്‍ നിസ്സാര കാര്യം പറഞ്ഞ് ഒരു വര്‍ഷം മുമ്പ് അടച്ചുപൂട്ടുകയായിരുന്നു. മഴയെ തുടര്‍ന്ന് വെള്ളം കയറിയത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈയിലാണ് കണ്‍സ്യൂമര്‍ഫെഡ് മെഡിക്കല്‍ ഷോപ്പ് താത്കാലികമായി അടച്ചത്. പിന്നീട് ഇതുവരെ തുറക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
മെഡിക്കല്‍ ഷോപ്പ് നില്‍ക്കുന്ന സ്ഥലവും സമീപവുമെല്ലാം താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലത്ത് വെള്ളം കയറുന്നത് പതിവാണ്. മുന്‍വര്‍ഷങ്ങളിലും ഇത് ഉണ്ടായിട്ടുണ്ട്. മണ്ണിട്ട് നികത്തിയും മറ്റും വെള്ളം ഒഴിവാക്കിയാണ് സമീപത്തെ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഷോപ്പ് തുടര്‍ന്നുകൊണ്ടുപോകാനുള്ള ഒരു ശ്രമവും നടത്താതെ അധികൃതര്‍ തിടുക്കപ്പെട്ട് അടച്ചുപൂട്ടുകയായിരന്നു.
ഇത്തരത്തില്‍ പൂട്ടിയതിന് പിന്നില്‍ ദുരൂഹത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും വരുമാനമുള്ള ഷോപ്പുകളിലൊന്നായിരുന്നു ബീച്ചിലേത്. കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജ്യനലിന് കീഴില്‍ ബീച്ചിലേത് അടക്കം ഏട്ട് നീതി മെഡിക്കല്‍ സ്റ്റോറുകളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുല്‍ വില്‍പ്പന നടന്നിരുന്നത് ബീച്ചിലായിരുന്നു. മാസത്തില്‍ ശരാശരി പത്ത് ലക്ഷം രൂപയുടെ വില്‍പ്പന നടന്നിരുന്നു. ബീച്ച് ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്തുന്ന രോഗികള്‍ക്കുള്ള മരുന്നുകളെല്ലാം വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. ബീച്ചിലെ നീതി മെഡിക്കല്‍ ഷോപ്പിന്റെ പകുതി പോലും വരുമാനമില്ലാത്ത സ്ഥാപനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് ഇപ്പോഴും നടത്തുന്നുണ്ട്. എന്നിട്ടും ഇത്തരത്തില്‍ വരുമാനമുള്ള ഒരു സ്ഥാപനം അടച്ചുപൂട്ടിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നീതി മെഡിക്കല്‍ ഷോപ്പ് പൂട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. ബീച്ച് ആശുപത്രിക്ക് സമീപം നിരവധി സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളുണ്ട്. നിര്‍ധനരായ രോഗികള്‍ക്ക് പോലും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ പറയുന്ന എം ആര്‍ പി വിലക്ക് മരുന്ന് വാങ്ങേണ്ട അവസ്ഥയാണ്.
ഷോപ്പ് അടച്ചുപൂട്ടുമ്പോള്‍ നാല് ജീവനക്കാരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇവരെ പിന്നീട് നഗരത്തില്‍ തന്നെയുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ മൊത്തവിതരണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഷോപ്പ് പൂട്ടിയപ്പോള്‍ തുടക്കത്തില്‍ ചില തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ഒന്നും നടന്നില്ല. നഗരത്തിലെ ഏത് പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന യുവജന സംഘടനകള്‍ ആരും ഇത് ഗൗനിച്ചില്ല. പാവപ്പെട്ട രോഗികളുടെ ആശാ കേന്ദ്രമായ ഈ നീതി മെഡിക്കല്‍ സ്റ്റോര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി രാഷ്ട്രീയ സാമൂഹിക സംഘടനകളും ഇടപെടണമെന്നും നാട്ടുകാര്‍ പറയുന്നു.

Latest