അവശ്യ മരുന്നുകളുടെ വില കുത്തനെ കൂട്ടി

Posted on: April 9, 2015 4:07 am | Last updated: April 9, 2015 at 12:08 am

medicinesഅരീക്കോട്: പ്രമേഹം, ക്യാന്‍സര്‍ രോഗികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക പ്രഹരം. ഈ മാസം ഒന്ന് മുതല്‍ അവശ്യ മരുന്നുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. മരുന്നുകളുടെ മൊത്തവ്യാപാര വില സൂചിക (ഡബ്ല്യു പി ഐ) വര്‍ധിപ്പിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പ്രമേഹ രോഗത്തിനെതിരായ ഇന്‍സുലിന്‍, ക്യാന്‍സറിനെതിരായ മരുന്നുകള്‍, ഹെപ്പറ്റൈറ്റിസ് ഇന്‍ജക്ഷന്‍ തുടങ്ങിയ അവശ്യ മരുന്നുകളുടെ വിലയില്‍ ഈ മാസം ഒന്ന് മുതല്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രമേഹം, ഹെപ്പറ്റൈറ്റിസ്, ക്യാന്‍സര്‍ എന്നിവക്കുള്ള മരുന്നുകളുള്‍പ്പെടെ 509 മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മരുന്നു കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്ക് കുത്തി വെക്കുന്ന ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് 10 ശതമാനത്തില്‍ കൂടുതല്‍ വില വര്‍ധിപ്പിച്ചത് അടുത്ത കാലത്താണ്. മൊത്ത വ്യാപാര വില സൂചിക 3.849 ശതമാനം വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍ പി പി എ) അനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ചില്ലറ വില്‍പ്പന വില ഏഴ് ശതമാനത്തോളം വര്‍ധിക്കുമെന്നാണ് മരുന്നു വ്യാപാരികള്‍ പറയുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സക്കുപയോഗിക്കുന്ന ആല്‍ഫാ ഇന്റര്‍ഫെറണ്‍, ക്യാന്‍സര്‍ ചികിത്സക്കുപയോഗിക്കുന്ന കാര്‍ബോപ്ലാറ്റിന്‍ ഇന്‍ജക്ഷന്‍ തുടങ്ങിയ അവശ്യ മരുന്നുകള്‍ക്ക് അടുത്ത കാലത്തുണ്ടായ വിലവര്‍ധനവും ഇപ്പോഴത്തെ വര്‍ധനവും ചേര്‍ത്ത് 15 ശതമാനത്തോളം വില വര്‍ധന അനുഭവപ്പെടുമെന്ന് വ്യാപാരികള്‍ പറയുന്നു.