Connect with us

National

ചിറ്റൂര്‍ ഏറ്റുമുട്ടല്‍: പ്രതിഷേധം പടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി/ഹൈദരാബാദ്/ചെന്നൈ: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പ്രത്യേക പോലീസ് സംഘവുമായുള്ള ഏറ്റുമുട്ടലില്‍ 20 രക്തചന്ദന കൊള്ളക്കാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
അതിനിടെ ഏറ്റുമുട്ടല്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ ജി ബാലകൃഷ്ണന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്.
പോലീസ് അവരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുക പതിവാണെന്നും നമുക്ക് അതേക്കുറിച്ച് അന്വേഷിച്ചേ മതിയാകൂ എന്നും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. അതേസമയം, സംഭവത്തില്‍ ചിറ്റൂരിലും ചെന്നൈയിലും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഇരുപത് പേരുടെയും കുടുംബത്തിന് ഈ നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇരുപത് പേരില്‍ മിക്കവരും തമിഴ്‌നാട് തിരുമണ്ണാമലൈ, വെല്ലൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ആന്ധ്രാപ്രദേശില്‍ നിന്ന് ഏറ്റുവാങ്ങുന്നതിന് വേണ്ടി ഈ ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരെയും തിരുവള്ളൂര്‍ ജില്ലാ കലക്ടറെയും ചുമതലപ്പെടുത്തി.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു വേണ്ടി സംസ്ഥാന ആരോഗ്യ മന്ത്രാലയം വാഹനസൗകര്യം ഏര്‍പ്പെടുത്തിയതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കളെ കൊണ്ട് തിരിച്ചറിയുന്നതിനായി ഉദ്യോഗസ്ഥര്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഉയര്‍ന്ന പോലീസ് ഉദ്യോസ്ഥനെ തിരുപ്പതിയിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മൃതദേഹങ്ങള്‍ തമിഴ്‌നാട് സര്‍ക്കാറിന് വിട്ടുകിട്ടും.
അതിനിടെ, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും സംയുക്ത സമിതിക്ക് രൂപം നല്‍കണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവന്‍ ആവശ്യപ്പെട്ടു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവെക്കേണ്ടിവന്നതെന്ന പോലീസിന്റെ വാദം സ്വീകാര്യമല്ല. വെടിവെക്കുന്നതിന് മുമ്പ് എന്തെങ്കിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. അഥവാ, കൊല്ലപ്പെട്ടവര്‍ എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ത്തന്നെ നെഞ്ചത്തായിരുന്നില്ല, മുട്ടിനു കീഴെയായിരുന്നു വെടിവെക്കേണ്ടിയിരുന്നത്. സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നും ഇളങ്കോവന്‍ ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് സി പി എമ്മും ആവശ്യപ്പെട്ടു. സാധാരണ തൊഴിലാളികള്‍ പോലീസിന്റെ ക്രൂരതക്ക് ഇരയായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് സി പി എം ആവശ്യപ്പെട്ടിട്ടുള്ളത്. ചിറ്റൂരില്‍ കൊലചെയ്യപ്പെട്ടത് ആരോ കൊള്ളനടത്താന്‍ വേണ്ടി കൂലിക്ക് കൊണ്ടുവന്ന തൊഴിലാളികള്‍ മാത്രമാണെന്നും സി പി എം കുറ്റപ്പെടുത്തി.
പോലീസ് നടപടിയില്‍ പോളിറ്റ്ബ്യൂറോ പ്രതിഷേധിച്ചു. ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നതിന് തെളിവുകളൊന്നും തന്നെ പോലീസിന്റെ പക്കലില്ല. ചിറ്റൂരിലെ രക്തചന്ദനങ്ങള്‍ സംരക്ഷിക്കുന്നതില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാറും പോലീസ് വകുപ്പും പരാജയപ്പെട്ടിരിക്കുകയാണെന്നും സി പി എം ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സി പി എം ആവശ്യപ്പെട്ടു.

Latest