ബാര്‍ കോഴ അന്വേഷണം; ബാറുടമകളെ നുണ പരിശോധന നടത്തും

Posted on: April 9, 2015 3:50 am | Last updated: April 8, 2015 at 11:51 pm

biju rameshതിരുവനന്തപുരം :ബാര്‍ കോഴക്കേസില്‍ നുണപരിശോധനക്കായി വിജിലന്‍സ് കോടതിയെ സമീപിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. നാല് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളെയാണ് പരിശോധനക്ക് വിധേയരാക്കുക. വിജിലന്‍സ് അപേക്ഷപ്രകാരം നാലുപേര്‍ക്കും കോടതി സമന്‍സ്അയച്ചു കഴിഞ്ഞു.

കോഴ നല്‍കിയകാര്യം ബാറുടമകള്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് നുണ പരിശോധനക്ക് അനുമതി തേടി വിജിലന്‍സ് കോടതിയെ സമീപിച്ചത്. വിജിലന്‍സ് അന്വേഷണവുമായി സഹകരിച്ച് നുണ പരിശോധനക്ക് തയ്യാറാണെന്ന് ചില നേതാക്കള്‍ വ്യക്തമാക്കിയപ്പോഴും ചിലര്‍ മുമ്പ് പറഞ്ഞ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ട് പോയിരുന്നു. ഈ സാഹചര്യത്തിലാണ് നുണപരിശോധന നടത്തി കേസന്വേഷണം മുന്നോട്ട് കൊണ്ടു പോകാന്‍ തീരുമാനിച്ചത്.
ബാര്‍ അസോസിയേഷന്‍ ഭാരവാഹി ബിജു രമേശ് കെ എം മാണിക്കെതിരെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കാനായി കഴിഞ്ഞ ദിവസം വിജിലന്‍സ് എസ് പി ആര്‍ സുകേശന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷയും നല്‍കിയിരുന്നു.
ജഡ്ജി ഒരു മാസം അവധിയിലായതിനാല്‍ കോട്ടയം വിജിലന്‍സ് കോടതി ജഡ്ജിക്കാണ് ഈ കോടതിയുടെ താത്കാലിക ചുമതല. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബിജുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണു കോടതി ബിജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസില്‍ ബിജുരമേശ് മുഖ്യസാക്ഷിയാണ്. മന്ത്രി കെ ബാബു അടക്കം ചില കോണ്‍ഗ്രസ് മന്ത്രിമാരുടെയും പേരുകള്‍ രഹസ്യമൊഴിയിലുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന. ഈ സാഹചര്യത്തിലാണ് നുണ പരിശോധനക്ക് അനുമതി തേടി വിജിലന്‍സ് കോടതിയെ സമീപിച്ചത്.