Connect with us

Gulf

ദുബൈ പ്ലാസ്റ്റിക് സര്‍ജന്മാരുടെ സാന്ദ്രത കൂടിയ നഗരം

Published

|

Last Updated

ദുബൈ: പ്ലാസ്റ്റിക് സര്‍ജറിക്ക് എമിറേറ്റില്‍ പ്രിയം വര്‍ധിക്കുന്നതായി ശസ്ത്രക്രിയാ വിദഗ്ധര്‍. ലോകത്തില്‍ ഏറ്റവും അധികം പ്ലാസ്റ്റിക് സര്‍ജന്മാര്‍ ജീവിക്കുന്ന നഗരമാണ് ദുബൈയെന്ന് ലണ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എയിസ്‌തെറ്റിക് സര്‍ജറിയുടെ ദുബൈ ശാഖയിലെ പ്ലാസ്റ്റിക് സര്‍ജനായ ഡോ. മൗരിസിയോ വെയില്‍ വ്യക്തമാക്കി.
2020 ആവുമ്പോഴേക്കും അഞ്ചു ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകളെ ദുബൈയിലേക്ക് ആകര്‍ഷിക്കാനാണ് ദുബൈ ഹെല്‍ത് അതോറിറ്റി ലക്ഷ്യമിടുന്നത്. ഇതിലൂടെ 260 കോടി ദിര്‍ഹമിന്റെ വരുമാനമാണ് ലക്ഷ്യമിടുന്നത്. മധ്യപൗരസ്ത്യ ദേശത്തെ മെഡിക്കല്‍ മാര്‍ക്കറ്റിനെ നയിക്കുന്നതില്‍ പ്രധാന ഘടകം പ്ലാസ്റ്റിക് സര്‍ജറിയാണെന്നതും ഡോ. മൗരിസിയോ പറഞ്ഞു.
ലോകത്തിലെ ഇതര നഗരങ്ങളെ അപേക്ഷിച്ച് പ്ലാസ്റ്റിക് സര്‍ജന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ ആദരവും അംഗീകാരവും ലഭിക്കുന്ന ഇടമാണ് ദുബൈയെന്ന് ദുബൈ ഹെല്‍ത് കെയര്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എലൈറ്റ് പ്ലാസ്റ്റിക് സര്‍ജറി ആന്‍ഡ് കോസ്‌മെറ്റിക് സര്‍ജറി ഗ്രൂപ്പിലെ കണ്‍സള്‍ട്ടന്റ് റീ കണ്‍സ്ട്രക്ടീവ് സര്‍ജനായ ഡോ. അലന്‍ റിസായി വ്യക്തമാക്കി. ദുബൈയില്‍ പ്ലാസ്റ്റിക് സര്‍ജറി ഒരു ഫാഷന്‍ എന്ന നിലയിലേക്ക് എത്തിയിരിക്കയാണ്. ഞങ്ങള്‍ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലാണ് ദുബൈയില്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നതും ദുബൈക്ക് അനുകൂല ഘടകമാണ്.
സ്തനങ്ങളുടെ വലിപ്പം വര്‍ധിപ്പിക്കുക, മൂക്കിന്റെ ആകൃതി ശരിപ്പെടുത്തുക, പുരുഷന്മാരില്‍ നെഞ്ച് ആകൃതി വരുത്തുക തുടങ്ങിയവയാണ് ഏറ്റവും അധികം നടത്തപ്പെടുന്ന പ്ലാസ്റ്റിക് സര്‍ജറികള്‍. പ്രായം വര്‍ധിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന ചുളിവുകള്‍ ഇല്ലാതാക്കാനായും അടുത്ത കാലത്തായി ധാരാളം പേര്‍ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2013 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ കോസ്‌മെറ്റിക് സര്‍ജറികളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ അക്കാഡമി ഓഫ് കോസ്‌മെറ്റിക് സര്‍ജറി ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ താമസിക്കുന്നവര്‍ ആധുനികമായ ഇത്തരം സാധ്യതകളെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാണെന്ന് ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മറ്റിയോ വിഗോ വ്യക്തമാക്കി.
13 വയസ് മാത്രം പ്രായമായ പെണ്‍കുട്ടിപോലും പ്ലാസ്റ്റിക് സര്‍ജറി ആവശ്യപ്പെടുന്ന പ്രദേശമാണ് യു എ ഇയെന്ന് ഡോ. റോബര്‍ട്ടോ വെയില്‍ വെളിപ്പെടുത്തി. കുട്ടികള്‍പോലും അത്രത്തോളം സൗന്ദര്യത്തെക്കുറിച്ച് ബോധവാന്മാരാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. നിയമ പ്രകാരം 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കേ ശരീര സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് സര്‍ജറി നടത്താവൂവെന്നുള്ളപ്പോഴാണ് ഇതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest