മമ്പാടും തിരുവാലിയിലും മഞ്ഞപ്പിത്തം പടരുന്നു

Posted on: April 8, 2015 12:45 pm | Last updated: April 8, 2015 at 12:45 pm

വണ്ടൂര്‍: വേനല്‍ കനത്തു തുടങ്ങിയതോടെ മേഖലയിലെ വിവിധ പഞ്ചായത്ത് പരിധികളില്‍ മഞ്ഞപ്പിത്തം പടരുന്നു. മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായാണ് കൂടുതല്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്പാട് പഞ്ചായത്തില്‍ നിലവില്‍ 18 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. തിരുവാലി-എട്ട്, വണ്ടൂര്‍-അഞ്ച് എന്നിങ്ങനെയാണ് നിലവിലെ രോഗികളുടെ എണ്ണം.
മമ്പാട് പഞ്ചായത്തില്‍ നേരത്തെ 21 പേരില്‍ രോഗം കണ്ടെത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും സുഖം പ്രാപിച്ചുവരികയാണ്. മമ്പാട്, മേപ്പാടം, പുള്ളിപ്പാടം, വടപുറം, പന്തലിങ്ങല്‍ എന്നീ പ്രദേശങ്ങളിലുള്ളവരിലാണ് രോഗം കാണപ്പെടുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തും ഈ പ്രദേശങ്ങളില്‍ രോഗം വ്യാപിച്ചിരുന്നതായി ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറഞ്ഞു. മമ്പാട് നടുവക്കാട് എം ഇ എസ് സ്‌കൂളിന് സമീപമുള്ള പൊതുകിണറില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിച്ചിരുന്നു. വെള്ളത്തിന്റെ നിറം മാറ്റം രോഗം പടര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. കൂടാതെ ശീതള പാനീയങ്ങള്‍ വില്‍ക്കുന്നിടത്ത് ഉപയോഗിക്കുന്ന ഐസ് കഷ്ണങ്ങളുടെ കാര്യത്തിലും സംശയം ഉയര്‍ന്നിട്ടുണ്ട്.
ഗുണ നിലവാരമില്ലാത്ത ജലം ഉപയോഗിച്ചാണ് ഈ ഐസ് തയ്യാറാക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. ജല വകുപ്പിന്റെ കീഴിലുള്ള നിരവധി കുടിവെള്ള പദ്ധതികളിലെയും ജലത്തിന്റെ ഗുണനിലവാരമില്ലായ്മയും മഞ്ഞപ്പിത്തം പടരാന്‍ കാരണമാകുന്നുണ്ട്. പുഴകളില്‍ നിന്നും പുഴയോട് ചേര്‍ന്ന് നിര്‍മിക്കുന്ന കിണറുകളില്‍ നിന്നും ശേഖരിക്കുന്ന ജലം കൃത്യമായി ശുചീകരിക്കാതെയാണ് വിതരണം ചെയ്യുന്നത്. ഇതും രോഗാണുക്കള്‍ പടരാന്‍ കാരണമാകുന്നുണ്ടെന്ന് മമ്പാട് പഞ്ചായത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ ആശാ ആനന്ദ് അറിയിച്ചു.