മാണിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുഖ്യമന്ത്രിക്ക് ജോര്‍ജിന്റെ കത്ത്

Posted on: April 8, 2015 11:20 pm | Last updated: April 9, 2015 at 12:41 pm

pc george

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കും മകന്‍ ജോസ് കെ മാണി എം പിക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച് പി സി ജോര്‍ജിന്റെ കത്ത്. ധനവകുപ്പ് ഉപയോഗിച്ച് മാണി കോടികളുടെ സ്വത്ത് സമ്പാദനം നടത്തുകയാണ്. സോളാര്‍, ബാര്‍കോഴ ഇടപാടില്‍ ജോസ് കെ മാണിക്ക് പങ്കുണ്ട്. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്നും പൂവാറില്‍ റിസോര്‍ട്ടും വിദേശത്ത് മെഡിസിറ്റിയുമടക്കം വന്‍ ബിസിനിസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയാണെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ പത്ത് പേജുള്ള കത്തില്‍ ജോര്‍ജ് ആരോപിച്ചു. ചര്‍ച്ചക്ക് വിളിച്ചിട്ട് സംസാരിക്കാന്‍ പോലും തയാറാകാതിരുന്ന മാണിക്ക് മുന്നില്‍ മുട്ട് മടക്കിയ മുഖ്യമന്ത്രിയുടെ അവസ്ഥ പരമദയനീയമാണെന്നും കത്തില്‍ ജോര്‍ജ് വ്യക്തമാക്കി.

ധനമന്ത്രിയെന്ന നിലയില്‍ മുമ്പും ബജറ്റ് വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. രഹസ്യമായിട്ടായിരുന്നു ഇടപാടുകള്‍. ജോസ് കെ മാണിയുടെ ആക്രാന്തം കൊണ്ടാണ് ഇത്തവണ എല്ലാം പുറംലോകമറിഞ്ഞത്. പന്ത്രണ്ടാം ബജറ്റിന് മുമ്പ് അഞ്ച് കോടി രൂപ മാണിക്ക് കൊടുത്ത കാര്യം മുഖ്യമന്ത്രിയോട് നേരത്തെ പറഞ്ഞതാണ്. ആയിരത്തിന്റെ അയ്യായിരം കെട്ട് നോട്ടുകളുമായി പോയവരുടെ ആഡംബര കാര്‍ എറണാകുളത്ത് വെച്ച് കേടായപ്പോള്‍ അറ്റകുറ്റ പണിക്കായി ഈ തുകയില്‍ നിന്ന് നിന്ന് 8000 രൂപ എടുക്കേണ്ടി വന്നു. തുടര്‍ന്ന് മാണിയുടെ വീട്ടിലെത്തി പണം കൈമാറിയപ്പോള്‍ നോട്ടെണ്ണല്‍ യന്ത്രത്തില്‍ വെച്ച് എണ്ണി. ആയിരം രൂപയുടെ എട്ട് നോട്ടിന്റെ കുറവ് കണ്ടതോടെ മാണി ക്ഷുഭിതനായി മുഴുവന്‍ പണവും കൊണ്ടുവരാനായിരുന്നു മാണിയുടെ ആവശ്യം.
സരിത ജയിലില്‍ നിന്ന് എഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ട്. ഇത് മനസ്സിലാക്കി മാണിയോട് പറഞ്ഞപ്പോള്‍ സരിതയെ മാവേലിക്കരയിലെ ഒരു വീട്ടില്‍ വിളിച്ചു വരുത്തി കെ എം മാണി രഹസ്യചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കി. റബ്ബര്‍ വിലയിടിവിനെതിരെ കേരളാകോണ്‍ഗ്രസ് എം സമരം സംഘടിപ്പിക്കാതിരിക്കാന്‍ വന്‍കിട ടയര്‍ കമ്പനി ഉടമകളില്‍ നിന്ന് ജോസ് കെ മാണി പത്ത് കോടി രൂപ കൈപ്പറ്റി.
ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുന്ന റവന്യുവകുപ്പ് യു ഡി എഫ് നേതൃത്വം വെച്ച് നീട്ടിയിട്ടും ധനവകുപ്പിന് വേണ്ടി മാണി കടുംപിടിത്തം നടത്തിയത് റിസോര്‍ട്ട്-ഹോസ്പിറ്റല്‍ വ്യവസായ അഭിവൃദ്ധിക്ക് വേണ്ടിയാണ്. ഇക്കാര്യം വകുപ്പ് വിഭജന സമയത്ത് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതാണ്. സ്പീക്കര്‍ പദവി നല്‍കാന്‍ യു ഡി എഫ് തയ്യാറായിരുന്നിട്ടും അഴിമതി തടയാന്‍ കഴിയുന്ന പദവിയാണെന്ന് മനസ്സിലാക്കി അത് ആവശ്യപ്പെടാതിരിക്കാന്‍ മാണി ശ്രദ്ധിച്ചുവെന്നും കത്തില്‍ വെളിപ്പെടുത്തുന്നു.