മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കുന്ന രൂപത്തില്‍ യമനില്‍ ഇടപെടില്ലെന്ന് പാക്കിസ്ഥാന്‍

Posted on: April 8, 2015 6:00 am | Last updated: April 8, 2015 at 9:08 am

ഇസ്‌ലാമാബാദ്: മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ ഛിദ്രത ശക്തിപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനത്തിലും പങ്കാളികളാകാന്‍ പാക്കിസ്ഥാനില്ലെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ്. യമനിലേക്ക് സൈന്യത്തെ ആവശ്യപ്പെട്ട് സഊദി സര്‍ക്കാര്‍ നേരത്തെ പാക്കിസ്ഥാനെ വിളിച്ചിരുന്നു. എന്നാല്‍ നയതന്ത്ര നീക്കങ്ങളിലൂടെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും വരും ദിവസങ്ങളില്‍ ഇത് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് തീരുമാനം എടുക്കാനും പാക് പാര്‍ലിമെന്റിന്റെ അനുമതി ആവശ്യമാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ധൃതിയില്‍ ഇടപെടല്‍ നടത്തില്ല. ആവശ്യമായ സമയത്ത് തങ്ങളുടെ സുഹൃദ് രാജ്യമായ സഊദിയുടെ ആവശ്യം വേണ്ട വിധത്തില്‍ പരിഗണിക്കുമെന്നും ശരീഫ് നിലപാട് വ്യക്തമാക്കി.
യമനിലെ സഖ്യസൈന്യത്തിന്റെ ഇടപെടലിനെ ഇറാന്‍ നേരത്തെ തന്നെ ശക്തമായി എതിര്‍ക്കുകയാണ്. ഹൂത്തി അനുകൂല നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ക്ക് രഹസ്യമായി ഇറാന്‍ ആയുധം നല്‍കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.