യര്‍മൂക് അഭയാര്‍ഥി ക്യാമ്പില്‍ 18,000 സാധാരണക്കാര്‍ ദുരിതക്കയത്തിലെന്ന്‌

Posted on: April 8, 2015 6:05 am | Last updated: April 8, 2015 at 9:06 am
SHARE

news_article_4096_11679_1393844311ദമസ്‌കസ് : സിറിയയിലെ യര്‍മൂക് ജില്ലയിലെ ഉത്കണ്ഠാജനകമായ സ്ഥിതിയില്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ആശങ്കപ്രകടിപ്പിച്ചു. അവിടേക്ക് ഇസില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതാണ് സ്ഥിതിഗതികള്‍ ആശങ്കാജനകമാക്കിയത്. യര്‍മൂക് ക്യാമ്പിലെ സാധാരണക്കാര്‍ക്ക് ജീവന്‍നിലനിര്‍ത്താനുള്ള അവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്ന് ഉറപ്പിക്കണമെന്നും ഇവരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റുന്നതിന് സുരക്ഷിത പാതയൊരുക്കണമെന്നും യു എന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടതായി യു എന്നിലെ ജോര്‍ദാനിയന്‍ അംബാസഡറും യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റുമായ ദിന കവാര്‍ പറഞ്ഞു. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി സ്ഥാപിച്ചതാണ് യര്‍മൂക് ക്യാമ്പ്. നിലവില്‍ ഫലസ്തീനികളുടെയും സിറിയക്കാരുടെയും പാര്‍പ്പിട കേന്ദ്രമാണിത്. രണ്ട് വര്‍ഷമായി സര്‍ക്കാര്‍ സേന ഇവിടം വളഞ്ഞിരിക്കുകയാണ്. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തിന്റെ ഭാഗമായി ഇവിടേയും എതിരാളികള്‍ കനത്ത പോരാട്ടത്തിലാണ്. ഇപ്പോള്‍ ഇവിടെയുള്ള 18,000 വരുന്ന സാധാരണക്കാര്‍ ഭക്ഷണം, വെള്ളം, മെഡിക്കല്‍ സഹായം എന്നിവയില്ലാതെ വലയുകയാണ്. കഴിഞ്ഞ ബുധാനാഴ്ച ക്യാമ്പിലേക്ക് ഇസില്‍ തീവ്രവാദികള്‍ കടന്നുവന്നതോടെയാണ് സ്ഥിതിഗതികള്‍ മോശമായത്. സിറിയന്‍ സര്‍ക്കാറിനെ എതിര്‍ക്കുന്ന ഫലസ്തീന്‍ സംഘത്തെ ഇവര്‍ ആക്രമിക്കുകയായിരുന്നു. സര്‍ക്കാര്‍ സൈന്യവും ഇവിടെ ബാരല്‍ ബോംബ് അടക്കമുള്ള ബോംബാക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് വര്‍ഷമായുള്ള പോരാട്ടവും ഷെല്ലാക്രമണവും യര്‍മൂകിനെ ഏറെക്കുറെ നശിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇവിടെ 160,000ത്തോളം ഫലസ്തീനികളും സിറിയക്കാരും ഉണ്ടായിരുന്നു. നിലവില്‍ ഇവിടെയുള്ള സാധാരണക്കാര്‍ വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. ഇസില്‍ തോക്കുധാരികള്‍ മേല്‍ക്കൂരകളില്‍ നിലയുറപ്പിച്ചതിനാല്‍ ഇവര്‍ക്ക് ഭക്ഷണത്തിനും വെള്ളത്തിനും പുറത്തിറങ്ങാന്‍ സാധിക്കുന്നുമില്ല.