Connect with us

Articles

ഹൃദയഭാഷയിലെന്തിന് ചോര വീഴ്ത്തുന്നു?

Published

|

Last Updated

ഒരു രാഷ്ട്രം അതിനെ സംസ്‌കാരത്തിലൂടെ സ്വയം ആവിഷ്‌കരിക്കുകയല്ല ചെയ്യുന്നതെന്നും, രാഷ്ട്രത്തെ നിര്‍മിച്ചെടുക്കുന്നതു തന്നെ സംസ്‌കാരമാണെന്നും ആന്‍ഡ്രൂ ഹിഗ്‌സണ്‍ വാദിക്കുന്നുണ്ട്. സംസ്‌കാരത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നായ ഭാഷയും രാഷ്ട്ര രൂപീകരണ/ശിഥിലീകരണവുമായുള്ള ബന്ധവും പാരസ്പര്യവും നിര്‍ണയിക്കുന്നതിനും അന്വേഷിക്കുന്നതിനും ഈ അടിസ്ഥാന നിഗമനം പ്രേരണ ചെലുത്തുന്നു. ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി അംഗീകരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് സങ്കീര്‍ണമായ രാഷ്ട്രീയ പ്രക്രിയയിലൂടെ നമ്മുടെ രാഷ്ട്രം കടന്നു പോയിട്ടുണ്ട്. തെക്കനേഷ്യയിലെ മുസ്‌ലിംകളുടെ പൊതുഭാഷയും പ്രാഥമികഭാഷയുമായ ഉര്‍ദു, മഹത്തായ സാഹിത്യ-കലാ ചരിത്രത്തിന്റെ ഹൃദയഭൂമികയാണ്. ഏറെക്കാലം അവിഭക്ത ഇന്ത്യയിലെ ഭരണഭാഷയുമായിരുന്നു ഉര്‍ദു. വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും സ്വാധീനമുള്ള ഭാഷയായിരുന്നിട്ടും ഉര്‍ദുവിന് വേണ്ട രീതിയിലുള്ള ഔദ്യോഗിക പ്രാധാന്യവും അംഗീകാരവും ആധികാരികതയും സ്വതന്ത്ര ഇന്ത്യയില്‍ നല്‍കപ്പെട്ടില്ല. പാക്കിസ്ഥാന്‍ വേര്‍പെട്ടുപോയതിനെ തുടര്‍ന്ന്; ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യര്‍ സംസാരിക്കുന്ന ഭാഷയായിട്ടും ഉര്‍ദുവിനെ ഒരന്യഭാഷയായി സ്ഥാനപ്പെടുത്താന്‍ നമ്മുടെ ഔദ്യോഗിക വിദ്യാഭ്യാസ/ഭരണ വ്യവസ്ഥകള്‍ക്കും അനൗദ്യോഗിക സാംസ്‌കാരിക സംവിധാനങ്ങള്‍ക്കും സാധിച്ചു എന്നത് ഖേദകരമായ ഒരു യാഥാര്‍ഥ്യമാണ്. സ്വാതന്ത്ര്യലബ്ധിയോടുകൂടിയും വിഭജനത്തോടുകൂടിയുമാണ് ഈ സ്വന്തം/അന്യം എന്ന വൈരുധ്യം മൂര്‍ഛിച്ചത് എന്നും പറയാനാകില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടു കൂടി ആരംഭിച്ച ഹിന്ദി ഭാഷാ പ്രചാരണ മുന്നേറ്റത്തിന്റെ അപ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് ഉര്‍ദുവിനെ പാര്‍ശ്വവത്കരിക്കുക എന്നതായിരുന്നു.
മാതൃഭാഷയില്‍ പഠിക്കാന്‍ സാധ്യമാകാത്തതു കൊണ്ടാണ് മുസ്‌ലിംകള്‍ പുറകോട്ടു പോയതെന്ന് സച്ചാര്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് വെച്ച് ആലോചിക്കുമ്പോള്‍ ഉര്‍ദുവിനെ തള്ളിയതിലൂടെ നഷ്ടമുണ്ടായതാര്‍ക്കാണെന്ന് വ്യക്തമാകും. മാനവ ജീവിതത്തിന്റെ വളര്‍ച്ചക്കിടയില്‍ നിന്നും രൂപംകൊള്ളുന്ന ഭാഷയെ വര്‍ഗീയവാദത്തിന്റെ പേരില്‍ ഉപയോഗിക്കുന്നവര്‍ മനുഷ്യബന്ധത്തിന്റെ ശത്രുക്കളാണ് എന്നത് നാം രാഷ്ട്രനിര്‍മാണ പ്രക്രിയക്കിടയില്‍ മറന്നുപോയി. നൂറ്റാണ്ടുകളോളം വിവരണ വിധേമല്ലാത്ത വിനിമയ ദാഹത്തിന് വഴിതുറന്ന വിവിധ ഭാഷകളെ സഹജാതര്‍ എന്ന നിലയ്ക്ക് സമീപിക്കുന്നതിനു പകരം ശത്രുക്കളായി അവതരിപ്പിക്കാനുള്ള ഏതൊരു ശ്രമവും സാംസ്‌കാരിക വളര്‍ച്ചയെ മുരടിപ്പിക്കും എന്നതും നാം ഓര്‍മിച്ചില്ല. നമ്മുടെ ഭരണകൂടം തുടരുന്ന മതപ്രീണന നയത്തിന്‍േറയും വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വീതിച്ചെടുക്കാനുള്ള വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ശ്രമത്തിന്റേയും ഫലമായി ഭാഷ മതമുദ്ര കുത്തപ്പെട്ട് മരണത്തിനുള്ള കാരണമായിത്തീര്‍ന്നു കൊണ്ടിരിക്കുകയാണ്. രണ്ട് പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉദിക്കുന്ന നക്ഷത്രം കാണാന്‍ നോക്കി നില്‍ക്കുന്നവരുടെ കണ്ണുകളിലേക്ക് ചോരത്തുള്ളികള്‍ വന്നുവീഴുന്നു. പരസ്പരം പുണര്‍ന്ന് പുളകം പകര്‍ന്ന ഹിന്ദിയുടെയും ഉര്‍ദുവിന്റേയും പേരില്‍ ഇന്ത്യയിലെ വിവിധ നഗര-ഗ്രാമങ്ങളില്‍ ചതഞ്ഞു വീണത് നിര്‍ജീവമായ അക്ഷരങ്ങളല്ല, ജീവനുള്ള മനുഷ്യരാണ്. കണ്ണീരിനും ചോരക്കുമിടയില്‍ ഒരല്‍പം കനിവിനു വേണ്ടി കരയുന്നവര്‍ക്കിടയിലേക്ക് വിഷം പുരണ്ട വാക്കുകളാണ് വര്‍ഗീയ വാദികള്‍ വാരിവിതറുന്നത്. മനുഷ്യര്‍ മുഴുവന്‍ മരിച്ചാലും ഭാഷ സ്വയം ജീവിച്ചുകൊള്ളും എന്ന വിചിത്രനിലപാടാണവര്‍ക്കുള്ളത്.
പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷയായ ഉര്‍ദു, സ്വതന്ത്ര ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷയായി ഇന്നും തുടരുന്നു. ബീഹാര്‍, ഡല്‍ഹി, ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഉര്‍ദുവിന് ഔദ്യോഗിക ഭാഷാ പദവിയുള്ളത്. ഉര്‍ദു ഭാഷയുടെ പ്രോത്സാഹനത്തിനു വേണ്ടി ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒരു സ്ഥാപനം ഇപ്പോഴും നിലവിലുണ്ട്. ഉര്‍ദു ഭാഷയുടെ പ്രോത്സാഹനത്തിനു വേണ്ടിയുള്ള ദേശീയ കൗണ്‍സില്‍(നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് ഉര്‍ദു ലാംഗ്വേജ്) എന്ന സ്വയം ഭരണ സ്ഥാപനം ഡല്‍ഹി കേന്ദ്രമാക്കി 1996 ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷയായ ഉര്‍ദുവിനെ പ്രോത്സാഹിപ്പിക്കാനും ക്രമീകരിക്കാനുമായി അവിടെ നിലവിലുള്ളത് ദേശീയ ഭാഷാ അതോറിറ്റി(നാഷനല്‍ ലാംഗ്വേജ് അതോറിറ്റി)യാണ്. ആറ് സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷയാണെന്നതിനു പുറമെ ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള 22 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ ഒന്ന് തീര്‍ച്ചയായും ഉര്‍ദുവാണ്.
വടക്കേ ഇന്ത്യയിലെ പ്രാകൃത സംസാരഭാഷയായിരുന്ന ഖരിബോളിയില്‍ അറബിയും പേര്‍ഷ്യനും ചേര്‍ത്ത് കാലക്രമേണ രൂപപ്പെട്ട ജനപ്രിയവും സംസ്‌കാരസമ്പന്നവുമായ ഭാഷയാണ് ഉര്‍ദു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഉര്‍ദു എന്ന പദം തുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ടതാണെങ്കിലും ഉര്‍ദുവില്‍ ടര്‍ക്കിഷ് ഭാഷയുടെ സ്വാധീനം കുറവാണ്. കവിതകളും ഗസലുകളും നാടകങ്ങളും നോവലുകളും കഥകളുമായി പ്രാചീനവും ആധുനികവുമായ സമ്പന്നമായ സാഹിത്യമാണ് ഉര്‍ദുവിനുള്ളത്. അമീര്‍ ഖുസ്‌റു, സയ്യിദ് ഷംസുല്ല ഖാദ്രി, മിര്‍സാ ഖാലിബ്, ഇഖ്ബാല്‍, സൗഖ്, ഫൈസ്, അഹമ്മദ് നദീം ഖാസ്മി, ഫൈസി എന്നിവരൊക്കെയും ഉര്‍ദുവിലെ മഹാന്മാരായ കവികളായിരുന്നു. ഉര്‍ദു കവിതകള്‍ക്ക് നിരവധി പ്രാസ്ഥാനികതകളും രീതികളുമുണ്ട്. മുന്‍ഷി പ്രേംചന്ദ് അടക്കമുള്ള മഹാന്മാരായ എഴുത്തുകാര്‍ നിരവധി ഉര്‍ദു കഥകളും നോവലുകളുമെഴുതി. ഉര്‍ദു നാടകശാഖയുടേതും സമ്പന്നമായ ചരിത്രമാണ്. പുരോഗമന സാഹിത്യപ്രസ്ഥാനവും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനും ഉര്‍ദു സാഹിത്യത്തിലും കലയിലുമാണ് അവരുടെ അടിസ്ഥാനങ്ങളും പ്രവര്‍ത്തനമേഖലകളും ഉറപ്പിച്ചതും വ്യാപിപ്പിച്ചതും. ഉര്‍ദുവിനെ പാര്‍ശവത്ക്കരിക്കാനും ഉര്‍ദു സംസാരിക്കുന്നവരെ സംശയത്തോടെ കാണാനുമുള്ള പ്രവണത ഇന്ത്യന്‍ രാഷ്ട്ര നിര്‍മാണത്തില്‍ വിള്ളലുകള്‍ വരുത്തിയെന്നും അഥവാ അത് ഇന്ത്യയുടെ ശിഥിലീകരണത്തിനാണ് കാലം കൊണ്ട് വഴിവെക്കുക എന്നും മനസ്സിലാക്കാന്‍ പരിമിതമായ ചരിത്രജ്ഞാനം തന്നെ മതിയാകും.
ഹിന്ദിയെ ഔദ്യോഗിക ഭാഷയായി സ്ഥിരീകരിച്ചപ്പോള്‍; വരേണ്യവും ജനപ്രിയവും തമ്മില്‍, ശ്രേഷ്ഠവും സാധാരണവും തമ്മില്‍ എന്നിങ്ങനെയുള്ള വൈരുധ്യങ്ങള്‍ മൂര്‍ഛിക്കുകയുണ്ടായി. എന്നാല്‍ ഏറ്റവും നിര്‍ണായകമായ വൈരുധ്യം; ഉര്‍ദുവും യാഥാസ്ഥിതികരും സവര്‍ണരുമായ ഹിന്ദുക്കള്‍ ഉപയോഗിച്ചു വന്ന സംസ്‌കൃതവത്കരിക്കപ്പെട്ട ഹിന്ദിയും തമ്മിലുള്ള വടംവലിയായിരുന്നു. ഹിന്ദു-മുസ്‌ലിം വിടവ് കഴിയുന്നത്ര ഇല്ലാതാക്കാന്‍ വേണ്ടി മഹാത്മാ ഗാന്ധി തന്നെ ഹിന്ദിയും ഉര്‍ദുവും ചേര്‍ന്ന് രൂപപ്പെടുത്തിയ ഹിന്ദുസ്ഥാനി ഭാഷക്കു വേണ്ടി നിലക്കൊണ്ടു. എന്നാല്‍ 1930കളില്‍ കോണ്‍ഗ്രസില്‍ സ്വാധീനമുറപ്പിച്ച ഹിന്ദി സാഹിത്യ സമ്മേളന്‍ വിഭാഗക്കാര്‍ ഉര്‍ദുവിനെതിരായി കരുക്കള്‍ നീക്കി. 1950ല്‍ ഭാഷാ ശാസ്ത്രവും 1956ല്‍ ഹിന്ദി വിജ്ഞാന കോശവും ഇക്കൂട്ടര്‍ നിര്‍മ്മിച്ചെടുത്തു. ഇങ്ങനെയൊക്കെയായിട്ടും സാഹിത്യ പ്രവര്‍ത്തന മേഖലയില്‍ ഉര്‍ദുവിന്റെ മേല്‍ക്കൈ വര്‍ഷങ്ങളോളം ഉടവു തട്ടാതെ നിലനിന്നു പോന്നു. ഹിന്ദി സാഹിത്യം പ്രബലപ്പെടാന്‍ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടോടെ മാത്രമാണ്. മറ്റെല്ലാ പ്രാദേശിക ഭാഷകളിലെയും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഒരു നൂറ്റാണ്ടു മുമ്പു തന്നെ ആരംഭിച്ചിരുന്നു. ഉര്‍ദുവില്‍ നിന്ന് ഹിന്ദിയിലേക്കുള്ള പരിഭാഷകളും ഇതിനിടയില്‍ പ്രചാരത്തില്‍ വന്നു. ഹിന്ദി സ്വത്വനിര്‍മാണം ഇതിനിടയിലൂടെ രാഷ്ട്ര നിര്‍മാണവും സ്വാതന്ത്ര്യബോധവും സാംസ്‌കാരിക പൗരത്വ സങ്കല്‍പവുമായി ഇടകലര്‍ന്ന് വികസിക്കുകയും ചെയ്തു. അതൊരു പ്രത്യയശാസ്ത്ര പദ്ധതിയായി വളര്‍ന്നു പന്തലിച്ചു എന്നു ചുരുക്കം. വിദ്യാഭ്യാസത്തിലും ഭരണത്തിലും കോടതിയിലും പിന്നെ തെരുവിലും ഏതു ഭാഷ സ്ഥിരമായി ഉപയോഗിക്കപ്പെടുന്നു എന്നതു തന്നെയാണ് പ്രധാനം. അങ്ങനെയാണ് ഹിന്ദി മേല്‍ക്കൈ നേടി വലുതായത്.
ഇന്ത്യന്‍ രാഷ്ട്ര നിര്‍മാണത്തിലും അഖണ്ഡതാ രൂപവത്കരണത്തിലും ജനപ്രിയ സാംസ്‌കാരിക മണ്ഡലത്തില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ ഹിന്ദി സിനിമ എന്ന ബോളിവുഡിലെ ചില പരിണാമങ്ങള്‍ ഈ പശ്ചാത്തലത്തില്‍ അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഹിന്ദു പുരാണ കഥകളെടുത്തു തുടങ്ങിയ ഹിന്ദി സിനിമയുടെ സംഭാഷണരഹിതമായ ആദ്യകാലത്തിനു ശേഷം ശബ്ദസിനിമ എന്നറിയപ്പെടുന്ന ടാക്കികള്‍ രൂപപ്പെട്ടപ്പോഴാണ് അതിന് ഉര്‍ദുവിനെ വന്‍ തോതില്‍ ആശ്രയിക്കേണ്ടിവന്നത്. രാഷ്ട്ര ഭാഷയായ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് എക്കാലത്തേയും ബോളിവുഡ് നന്മയുടെ പട്ടികയിലെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാല്‍; ശ്രേഷ്ഠവും സാഹിതീയവും ഔദ്യോഗികവുമായ ഹിന്ദിയില്‍ നിന്ന് അത് എക്കാലവും വേറിട്ട് നടക്കുകയും ചെയ്തു. ഇടതന്മാരും വിഭാഗീയതക്കാരും പ്രാദേശികവാദികളും ഭാഷാഭ്രാന്തന്മാരും പോലുള്ള “ശല്യക്കാര്‍” ചേര്‍ന്ന് ഹിന്ദി സിനിമയിലെ ഹിന്ദിയെ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ പാകത്തിലുള്ള ഒന്നാക്കി നിലനിര്‍ത്തുകയും അത്തരത്തില്‍ പാകപ്പെടുത്തി വളര്‍ത്തുകയും ചെയ്തു.
മുകുള്‍ കേശവന്‍ പറയുന്നത്, ഹിന്ദി വാണിജ്യ/ജനപ്രിയ സിനിമയാണ് (ആയിരുന്നു) ഉര്‍ദുവിന്റെ ഇന്ത്യയിലെ അവസാനത്തെ ശക്തികേന്ദ്രം എന്നാണ്. പാര്‍സി നാടകവേദിയില്‍ നിന്ന് ഹിന്ദി സിനിമയിലേക്ക് രൂപപ്പെട്ട പാലത്തിലൂടെയാണ് ഈ ശക്തി ചോരാതെ കുറെക്കാലം നിലനിന്നത്. പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇന്ത്യയിലെ സംസ്‌കാര സമ്പന്നരായ വരേണ്യരുടെ ഭാഷ ഉര്‍ദുവായിരുന്നു എന്നതും ഓര്‍ക്കണം. ലോക സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍, ഹിന്ദി സിനിമയുടെ പ്രത്യേകതയായി കണക്കാക്കാറും പരിഹസിക്കപ്പെടാറുമുള്ള സംഗതികളാണ് അവയിലെ പാട്ടുകളും നൃത്തരംഗങ്ങളും. ഉര്‍ദു പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിച്ചിട്ടുള്ളത് ഈ രണ്ട് ഘടകങ്ങളുമാണെന്നത് ശ്രദ്ധേയമാണ്. എഴുപതുകളോടെ രൂപപ്പെട്ട കലാ സിനിമകളാണ് ഉര്‍ദുവില്‍ നിന്ന് മോചിപ്പിച്ച് സംസ്‌കൃതവത്ക്കരിക്കപ്പെട്ട ഹിന്ദിക്ക് വരേണ്യത പകര്‍ന്നു നല്‍കിയത് എന്നതും കാണാതിരുന്നു കൂടാ. ലോകസിനിമയുടെ വര്‍ത്തമാനത്തോട് അടുത്തു നിന്ന ഇവയുടെ പേരുകള്‍ മിക്കതും സംസ്‌കൃതമായിരുന്നു. അങ്കുര്‍, ഭൂമിക, അര്‍ദ്ധ് സത്യ എന്നിവ ഉദാഹരണം. ബസാറില്‍ സംസാരിക്കുന്ന സാദാ ഉര്‍ദുവില്‍ നിന്ന് സംസ്‌കാരത്തെ രക്ഷിച്ചെടുക്കേണ്ട ബാധ്യത ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. ഉര്‍ദു വാക്കുകള്‍ ശീര്‍ഷകങ്ങളായും പാട്ടുവരികളായും ഉപയോഗിക്കുമ്പോഴുള്ള ചാരുതയോ മനോഹാരിതയോ ഹൃദയദ്രവീകരണക്ഷമതയോ അതിന്റെ സംസ്‌കൃത പരിഭാഷക്ക് നല്‍കാന്‍ കഴിയാറില്ല എന്ന കാര്യത്തിന് ഹിന്ദി സിനിമയില്‍ നിന്ന് നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താനാകുമെന്ന് ജ്യോതിക വിര്‍ദി വിവരിക്കുന്നു. ആവാര(തെരുവു തെണ്ടി), സാഹിബ് ബീബി ഓര്‍ ഗുലാം(ഏമാനും ഭാര്യയും അടിമയും), സഫര്‍(യാത്ര), ബവാര്‍ച്ചി(പാചകക്കാരന്‍), ഖമോഷി(മൗനം), തവൈഫ്(വേശ്യ), തേസാബ്(അമ്ലം) എന്നീ സിനിമാപ്പേരുകളുടെ കരുത്ത് മറ്റു പദങ്ങള്‍ക്കൊന്നും നല്‍കാനാവില്ല. പാട്ടുകളില്‍ നിരന്തരം ഉപയോഗിച്ചു പോന്ന; വതന്‍(മാതൃഭൂമി), ശഹീദ്(രക്തസാക്ഷി/ത്യാഗം) എന്നീ വാക്കുകള്‍ രാജ്യസ്‌നേഹത്തെ പ്രോജ്വലിപ്പിച്ചു. ദില്‍(ഹൃദയം), ഖൂന്‍(രക്തം), കിസ്മത്(വിധി) എന്നിവക്കു പകരം ഹിന്ദി അര്‍ഥങ്ങളായ ഹൃദയ്, രക്ത്, ഭാഗ്യ എന്നൊക്കെ പ്രയോഗിച്ചാല്‍ പ്രണയാതുരത ലഭിക്കില്ല എന്ന് കവികളും പാട്ടുകാരും ആസ്വാദകരും മനസ്സിലാക്കി.
എന്നാല്‍ കാലക്രമേണ, ഹിന്ദി സിനിമയിലെ ഉര്‍ദു സ്വാധീനം ഏറെക്കൂറെ നഷ്ടമായിത്തീര്‍ന്നു. സിനിമയുടെ ടൈറ്റിലില്‍ പോലും ഇപ്പോള്‍ ഉര്‍ദു ഉപയോഗിക്കുന്നില്ല. എഴുപതുകളോടെ, ബംബൈയ്യ ഹിന്ദിയിലേക്കും തൊണ്ണൂറുകളോടെ ആംഗലവത്ക്കരിക്കപ്പെട്ട ഹിന്ദിയിലേക്കും അത് മാറിത്തീര്‍ന്നു. കാലത്തെ പ്രതിഫലിക്കാനും പ്രതിനിധീകരിക്കാനും ഈ മാറ്റങ്ങള്‍ അനിവാര്യമായിരിക്കും. എന്നാല്‍ അതോടൊപ്പം, ജനപ്രിയ രാഷ്ട്രത്തിനും അതിനെ രൂപവത്കരിക്കുന്ന സാംസ്‌കാരിക പൗരത്വ സങ്കല്‍പത്തിനും ഉള്ളില്‍ തന്നെ, കോടിക്കണക്കിന് മനുഷ്യര്‍ അവരുടെ സാംസ്‌കാരിക/ഭാഷാ സ്വത്വം ഒന്നു കൊണ്ട് മാത്രം നിശ്ശബ്ദരാക്കപ്പെടുന്നു എന്ന വാസ്തവത്തെ നാം അഭിമുഖീകരിക്കുന്നുണ്ടോ?
അധികവായനക്ക്: ദ സിനിമാറ്റിക് ഇമാജിനേഷന്‍- ഇന്ത്യന്‍ പോപ്പുലര്‍ ഫിലിംസ് ആസ് സോഷ്യല്‍ ഹിസ്റ്ററി- ജ്യോതിക വിര്‍ദി – പെര്‍മനന്റ് ബ്ലാക്ക് 2003

---- facebook comment plugin here -----

Latest