അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം തുറന്നത് 5,600 ഫഌറ്റുകള്‍

Posted on: April 7, 2015 4:09 pm | Last updated: April 7, 2015 at 4:09 pm

3270835421അബുദാബി: 2014ല്‍ അബുദാബിയില്‍ പൂര്‍ത്തിയായത് 5,600 ഫഌറ്റുകള്‍. 2,847 താമസ കെട്ടിടങ്ങളില്‍ നിന്നാണ് ഇത്രയും ഫ്‌ളാറ്റുകള്‍ ഒരുക്കിയത്. തൊട്ടുമുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനത്തിന്റെ കുറവാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി ആദ്യം മുതല്‍ ഡിസംബര്‍ അവസാനം വരെ ആകെ 3,305 കെട്ടിടങ്ങളാണ് പണി പൂര്‍ത്തിയായതെന്ന് അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കില്‍ പറയുന്നു. ഇതില്‍ താമസ കെട്ടിടങ്ങളും വ്യവസായ സമുച്ഛയങ്ങളും മറ്റു വിവിധ തരം നിര്‍മിതികളും ഉള്‍പെടും. താമസ കെട്ടിടങ്ങള്‍ മാത്രം 2,847 എണ്ണം വരും. എന്നാല്‍ 2013ല്‍ 6,806 കെട്ടിടങ്ങളായിരുന്നു പൂര്‍ത്തിയാക്കിയത്. താമസ കെട്ടിടങ്ങളുടെ എണ്ണത്തില്‍ മാത്രം 2013നെ അപേക്ഷിച്ച് 65 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
മൊത്തം കെട്ടിടങ്ങളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. തലസ്ഥാന നഗരിയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ആവശ്യത്തിന് കെട്ടിടങ്ങളും ഫഌറ്റുകളും ലഭ്യമായതാണ് കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കെട്ടിട നിര്‍മാണം കുറഞ്ഞതെന്നാണ് സാമ്പത്തിക മേഖലയിലുള്ളവരുടെ അഭിപ്രായം. റിയല്‍ എസ്റ്റേറ്റ് വ്യവസായ മേഖലയിലെ മെല്ലെപ്പോക്കും കുറവിന് കാരണമായിട്ടുണ്ട്. അതോടൊപ്പം കെട്ടിട നിര്‍മാണ മേഖലയിലേക്ക് പണം നിക്ഷേപിക്കുന്നവരുടെ തള്ളിക്കയറ്റം കുറഞ്ഞതും നിര്‍മാണം കുറഞ്ഞതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ 2,847 താമസ കെട്ടിടങ്ങളില്‍ 25 ശതമാനം അല്‍ ഐനിലാണെന്ന് അബുദാബി സ്റ്റാറ്റിസ്റ്റിക് സെന്ററിന്റെ കണക്കില്‍ പറയുന്നു. 10 ശതമാനം പടിഞ്ഞാറന്‍ മേഖലയിലും. ബാക്കിവരുന്നത് അബുദാബി നഗരത്തിലുമാണ്. പടിഞ്ഞാറന്‍ മേഖലയില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2014ല്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി സെന്ററിന്റെ കണക്ക് വ്യക്തമാക്കുന്നു.
എണ്ണ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാറിന് വരുമാനം ലഭിക്കുന്നത് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലൂടെയാണ്. ഫഌറ്റുകള്‍ ആവശ്യാനുസരണം ലഭ്യമാവുന്ന സാഹചര്യം നിലനില്‍ക്കുന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് പണമിറക്കി നിക്ഷേപം നടത്താന്‍ നേരത്തെ ഉണ്ടായിരുന്നതുപോലെയുള്ള തള്ളിക്കയറ്റം ഇല്ലാതിരുന്നതുമാണ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം ക്ഷീണം അനുഭവപ്പെട്ടത്. സിറിയ, യമന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങളില്‍ മൂര്‍ഛിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധങ്ങളും അസ്വസ്ഥതകളും കാരണം അറബ് മേഖലയില്‍ മൊത്തത്തിലുണ്ടായ പ്രതിസന്ധിക്കു പുറമെ എണ്ണവിലയിലുണ്ടായ വന്‍ ഇടിവും മേഖലയില്‍ നിക്ഷേപങ്ങളില്‍ കുറവ് വരാന്‍ ഇടയാക്കിയിട്ടുണ്ട്. ആഭ്യന്തര യുദ്ധങ്ങളും അസ്വസ്ഥതകളും തുടരുന്ന പക്ഷം മേഖലയില്‍ നിര്‍മാണ രംഗത്ത് നിക്ഷേപമിറക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് അറബ് ലോകത്തിന് പുറത്തുള്ളവരും ചിന്തിച്ചിരിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.