വഹാബിന് 167.19 കോടിയും വയലാര്‍ രവിക്ക് 1.26 കോടിയും ആസ്തി

Posted on: April 7, 2015 3:47 am | Last updated: April 6, 2015 at 11:49 pm

PV ABDUL VAHABതിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ മുസ്‌ലിംലീഗിലെ പി വി അബ്ദുല്‍ വഹാബിന് 167.19 കോടി രൂപയുടെ ആസ്തി. കോണ്‍ഗ്രസ് പ്രതിനിധി വയലാര്‍ രവിക്ക് 1.26 കോടിയുടെ ആസ്തിയാണുള്ളത്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരം വ്യക്തമാക്കിയത്. യു ഡി എഫ് സ്ഥാനാര്‍ഥികളായ വയലാര്‍ രവിയും പി വി അബ്ദുല്‍വഹാബും എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ രാജനും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
വഹാബിന് സ്വന്തം പേരില്‍ 1,35,07,45,968 രൂപയുടെ ജംഗമസ്വത്തുക്കളുണ്ട്. 32,11,95,926 രൂപ വിപണി വില വരുന്ന സ്ഥാവര സ്വത്തുക്കളുമുണ്ട്. സ്ഥാവര സ്വത്തുക്കളില്‍ 6,68,50,000 രൂപ ചെലവില്‍ പണികഴിപ്പിച്ച കെട്ടിടങ്ങളുമുള്‍പ്പെടും. 3,80,01,055 രൂപ സ്ഥാവര സ്വത്തുക്കള്‍ വാങ്ങുന്നതിനായി ചെലവഴിച്ചിട്ടുണ്ട്. 2013- 14 വര്‍ഷത്തിലെ വരുമാനമായി വഹാബ് കാണിച്ചിരിക്കുന്നത് 2,96,42,297 രൂപയാണ്. വഹാബിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രിയാണ്. എന്നാല്‍ വഹാബിന്റെ ഭാര്യയുടെ പേരില്‍ 26.93 കോടി രൂപയുടെ ജംഗമസ്വത്തുക്കളും 5.80 കോടി രൂപ വിപണി വില വരുന്ന സ്ഥാവര സ്വത്തുക്കളുമുണ്ട്. 14.71 ലക്ഷം രൂപയാണ് ഭാര്യയുടെ വാര്‍ഷിക വരുമാനമായി കാണിച്ചിരിക്കുന്നത്.
വയലാര്‍ രവിക്ക് 61,97,099 രൂപയുടെ ജംഗമസ്വത്തുക്കളും 65 ലക്ഷം രൂപ വിപണി വില വരുന്ന സ്ഥാവര സ്വത്തുക്കളുമുണ്ട്. സ്ഥാവര സ്വത്തുക്കള്‍ വാങ്ങുന്നതിനായി 1,21,216 രൂപ ചെലവഴിച്ചിട്ടുണ്ട്. എം എയും നിയമ ബിരുദവുമാണ് വയലാര്‍ രവിയുടെ വിദ്യാഭ്യാസ യോഗ്യത. സി പി ഐയിലെ അഡ്വ. കെ രാജന് 86,531 രൂപയുടെ ജംഗമസ്വത്തുക്കളും അനന്തരാവകാശമായി ലഭിച്ച 1.69 കോടി വില വരുന്ന കൂട്ടുസ്വത്തുമുണ്ട്. ബാധ്യതയായി അഞ്ച് ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ട്. ഭാര്യയുടെ പേരില്‍ 10.64 ലക്ഷം രൂപയുടെ ജംഗമസ്വത്തുക്കളുമുണ്ട്. ബി എസ് സിയും എല്‍ എല്‍ ബിയുമാണ് അഡ്വ. രാജന്റെ വിദ്യാഭ്യാസ യോഗ്യത.
കേരളത്തില്‍ നിന്നു ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധി വയലാര്‍ രവിയും മുസ്‌ലിംലീഗ് പ്രതിനിധി പി വി അബ്ദുല്‍വഹാബും എല്‍ ഡി എഫിലെ സി പി ഐ പ്രതിനിധി കെ രാജനുമാണ് ഇന്നലെ ഉച്ചക്ക് 12 ഓടെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി കെ ശാര്‍ങ്ധരന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് നേതാവ് നേതാവ് സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യു ഡി എഫ് പ്രതിനിധികളുടെ പത്രികാ സമര്‍പ്പണം. ഉച്ചക്ക് ഒന്നരയോടെ എല്‍ ഡി എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം എത്തിയാണ് സി പി ഐയിലെ കെ രാജന്‍ പത്രിക സമര്‍പ്പിച്ചത്.
എല്‍ ഡി എഫിലെ സി പി എം പ്രതിനിധി കെ കെ രാഗേഷ് നേരത്തേ പത്രിക സമര്‍പ്പിച്ചിരുന്നു. മൂന്ന് പേരും രണ്ട് സെറ്റു പത്രികകള്‍ വീതം സമര്‍പ്പിച്ചു.