ഐ എസ് സി തിരഞ്ഞെടുപ്പിന് ഒരുക്കം പൂര്‍ത്തിയായി

Posted on: April 6, 2015 6:09 pm | Last updated: April 6, 2015 at 6:09 pm

ISC_Sarooj_01അല്‍ ഐന്‍: അല്‍ ഐനിലെ പ്രവാസി ഇന്ത്യക്കാരുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ (ഐ എസ് സി) 2015-16 ലേക്കുള്ള ഭരണ സാരഥികളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഈ മാസം ഒമ്പതി (വ്യാഴം)ന് വൈകുന്നേരം നാലിനാണ് തിരഞ്ഞെടുപ്പ്. ജനറല്‍ ബോഡി യോഗത്തിനു ശേഷമാണ് തിരഞ്ഞെടുപ്പ്. പ്രസ്തുത യോഗത്തില്‍വെച്ച് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും നടക്കും. വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെയാണ് വോട്ടിംഗ്. വെളുപ്പിന് നാലോടുകൂടി ഫല പ്രഖ്യാപനം ഉണ്ടാകും.
യു എ ഇ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയായതിനാല്‍ ഐ എസ് സിയുടെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും.
1975ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഐ എസ് സി അല്‍ ഐനിലും പരിസരങ്ങളിലുമായി വസിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ അനൗദ്യോഗിക കോണ്‍സുലേറ്റ് കൂടിയാണ്. യു എ ഇയുടെ ഹരിത നഗരമായ അല്‍ ഐനിന്റെ കലാ-കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കുക എന്ന ചുമതല കൂടി ഐ എസ് സി നിര്‍വഹിച്ചുവരുന്നു. ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ തുടങ്ങിയ ടൂര്‍ണമെന്റുകള്‍ക്ക് പുറമെ അല്‍ ഐനിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള വേദികൂടിയാണ് ഐ എസ് സി.
നാട്ടില്‍ നിന്നു എത്തുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മത രംഗങ്ങളിലെ പല പ്രമുഖര്‍ക്കും വേദിയൊരുക്കാനും ഐ എസ് സിക്ക് സാധിച്ചിട്ടുണ്ട്. ഐ ഒ സി, ഒ ഐ സി സി, കെ എം സി സി, മലയാളി സമാജം, പെറ്റ്, ബഌസ്റ്റാര്‍ തുടങ്ങിയ ഒരുകൂട്ടം സംഘടനകളുടെ കൂട്ടായ്മ കൂടിയാണ് ഐ എസ് സി. എം എ യൂസുഫലി മുഖ്യ രക്ഷാധികാരിയായ ഐ എസ് സിയുടെ അംഗ സംഖ്യയില്‍ 80 ശതമാനവും മലയാളികളാണെന്നത് ശ്രദ്ധേയമാണ്.
പുതിയ ഭരണ സമിതിയിലെ 17 സീറ്റിലേക്കുള്ള സാരഥികളെ കണ്ടെത്താന്‍ 1,393 വോട്ടര്‍മാരാണുള്ളത്. യഥാക്രമം പ്രസിഡന്റ് ജന. സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്തേക്ക് യുണൈറ്റഡ് മൂവ്‌മെന്റിന് നേതൃത്വം നല്‍കിക്കൊണ്ട് ജോയ് തനങ്ങാടന്‍, റസല്‍ മുഹമ്മദ്, ജിതേഷ് പുരുഷോത്തമന്‍ എന്നിവര്‍ മത്സരിക്കുമ്പോള്‍ ഡമോക്രാറ്റിക് ഫ്രന്റിന് വേണ്ടി ഷാജി ഖാന്‍, സുരേഷ് ബാബു, അശ്‌റഫ് എന്നിവര്‍ അങ്കം കുറിക്കുന്നു. ഇരുപാനലും വിജയം അവകാശപ്പെടുന്നത് കൊണ്ട് തന്നെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും ഡിന്നര്‍ പാര്‍ട്ടികളും തകൃതിയായി നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ വാശിയുണ്ടെന്നതൊഴിവാക്കിയാല്‍ ശേഷമുള്ള പ്രവര്‍ത്തനങ്ങളിലെല്ലാം ഐക്യവും സമാധാനവും ഉണ്ടാകുമെന്നും ഇപ്പോഴത്തെ പ്രസിഡന്റ് അശ്‌റഫ് പള്ളിക്കണ്ടം പറഞ്ഞു.
അതേ സമയം യുണൈറ്റഡ് മൂവ്‌മെന്റിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് ജോയ് തനങ്ങാടന്‍ അവകാശപ്പെടുമ്പോള്‍ ഒരു മാറ്റം സംഭവിക്കും എന്ന ശുഭപ്രതീക്ഷയിലാണ് മുന്‍ ജന. സെക്രട്ടറി കൂടിയായ ഷാജി ഖാന്‍. സ്വന്തമായി സ്ഥലമോ കെട്ടിടമോ സാധ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.