തിക്‌രീത് പിടിച്ചെടുത്ത ശിയാ സൈന്യം നഗരം വിട്ടു

Posted on: April 6, 2015 4:14 am | Last updated: April 6, 2015 at 10:15 am
SHARE

ബഗ്ദാദ്: ഇറാഖില്‍ ഇസില്‍ തീവ്രവാദികളില്‍നിന്നും തിക്‌രീത് നഗരം തിരിച്ചുപിടിക്കാന്‍ സഹായിച്ച ശേഷം കുറച്ച് പോരാളികള്‍ നഗരത്തില്‍ ദിവസങ്ങളോളം കൊള്ള നടത്തിയെന്ന പ്രദേശവാസികളുടെ പരാതി നിലനില്‍ക്കെ ശിയ അര്‍ധസൈനികര്‍ നഗരം വിട്ടു.
ഭൂരിഭാഗം ശിയാ അര്‍ധ സൈനികരേയും നഗരത്തില്‍നിന്നും നീക്കംചെയ്തതായി തിക്രിത് കൗണ്‍സില്‍ തലവന്‍ അഹ്മദ് അല്‍ കരീം പറഞ്ഞു. സുരക്ഷാ സേനയും ശിയാ അര്‍ധ സൈനികരും ചേര്‍ന്ന് തിക്‌രീത് തിരിച്ചുപിടിച്ചുവെന്ന് ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബുധനാഴ്ചയാണ് ഇവിടെ കൊള്ളയും കൊള്ളിവെപ്പും തുടങ്ങിയത്.
ജൂണ്‍ മുതല്‍ ഇസില്‍ നിയന്ത്രണത്തിലുള്ള തിക്രിത് നഗരം ഒരുമാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് തിരിച്ചുപിടിച്ചത്. നിരവധി വീടുകളും കടകളും കൊള്ളയടിക്കപ്പെടുകയും തകര്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാംഹുസ്സൈന്റെ ജന്‍മനഗരമായ തിക്രിതില്‍ നടന്ന ഈ അക്രമം സര്‍ക്കാറിന്റെ വിജയത്തിന് പോലും ഭീഷണിയുയര്‍ത്തി. പ്രധാനമന്ത്രി ഹൈദര്‍ ള്‍ അബാദിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തിക്രിതില്‍നിന്നും അര്‍ധസൈനികരെ പിന്‍വലിച്ചത്.