തമിഴ്‌നാട് മുന്‍ മന്ത്രി കൃഷ്ണമൂര്‍ത്തിയെ ക്രൈം ബ്രാഞ്ച് സി ഐ ഡി അറസ്റ്റ് ചെയ്തു

Posted on: April 6, 2015 6:07 am | Last updated: April 5, 2015 at 11:09 pm

ss krishna moorthy thamil naduചെന്നൈ: മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എ ഐ എ ഡി എം കെ നേതാവും തമിഴ്‌നാട് മുന്‍ മന്ത്രിയുമായ എസ് എസ് കൃഷ്ണമൂര്‍ത്തിയെ ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം അറസ്റ്റ് ചെയ്തു. കൃഷി വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന മുത്തുകുമാരസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
മുത്തുകുമാരസ്വാമി ട്രെയിനിന് മുമ്പില്‍ ചാടി മരിച്ച് 44 ദിവസത്തിന് ശേഷമാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുനെല്‍വേലിയില്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറായിരുന്ന മുത്തുകുമാരസ്വാമി കഴിഞ്ഞ ഫെബ്രുവരി 20നാണ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കിത്. കൃഷി വകുപ്പില്‍ ഏഴ് ഡ്രൈവര്‍മാരെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ മന്ത്രി ഇദ്ദേഹത്തിന് മേല്‍ കടുത്ത മാനസിക സമ്മര്‍ദമേല്‍പ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൃഷ്ണമൂര്‍ത്തിയുടെ ഓഫീസ് സ്റ്റാഫ് 14 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ജില്ലാ കലക്ടര്‍ക്ക് മുത്തുകുമാരസ്വാമി പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വകുപ്പില്‍ നിന്നുണ്ടായ ഭീഷണിയെ തുടര്‍ന്നാണ് കുമാരസ്വാമി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് മുത്തുകുമാരസ്വാമിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും ഇതിന് പിറകേയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇത് മുന്‍ മന്ത്രിയുടെത് ആയിരുന്നുവെന്നാണ് ആരോപണം.
സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഈ മാസം ഏഴിന് കൃഷ്ണമൂര്‍ത്തി മന്ത്രിസ്ഥാനം രാജിവെക്കുകയും കേസ് സി ബി ഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കേസില്‍ കൃഷി വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ സെന്തില്‍ നേരത്തെ അറസ്റ്റിലായിരുന്നു. അന്വേഷണത്തിന്റെ ആവശ്യാര്‍ഥം കൃഷ്ണമൂര്‍ത്തിയെ കസ്റ്റഡിയില്‍ വാങ്ങിയുട്ടുണ്ടെന്നും അദ്ദേഹത്തെ തിരുനെല്‍വേലിയിലേക്ക് കൊണ്ടു പോയെന്നും സി ബി- സി ഐ ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.