വിവാദങ്ങളെ അതിജീവിക്കാന്‍ ചെന്നൈ

Posted on: April 5, 2015 12:20 pm | Last updated: April 6, 2015 at 12:21 pm

DHONIഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും സ്ഥിരതയുള്ള നിരയേതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ – ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഏഴ് സീസണുകളില്‍ അഞ്ചിലും ഫൈനല്‍ കളിച്ചു. രണ്ട് തവണ ചാമ്പ്യന്‍മാര്‍. ഇതിലേറെ എന്ത് വേണം ചെന്നൈയുടെ മാറ്റളക്കാന്‍. രണ്ട് തവണ ഫൈനലിലെത്തിയില്ലെങ്കിലും ആ വര്‍ഷം ടോപ് ഫോറില്‍ ചെന്നൈ ഉണ്ടായിരുന്നു.
ഐ പി എല്ലിലെ മഞ്ഞപ്പടയെ നയിക്കുന്നത് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. വാതുവെപ്പ് വിവാദത്തില്‍ ഉലയുന്ന ടീമിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വവും ധോണിക്കുണ്ട്. വാതുവെപ്പ് ബന്ധത്തെ തുടര്‍ന്ന് ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട എന്‍ ശ്രീനിവാസനാണ് ടീമിന്റെ ഉടമ.
പ്രതികൂല സാഹചര്യത്തിലും കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടം നേടിയത് ടീമെന്ന നിലയില്‍ ചെന്നൈയുടെ കെട്ടുറപ്പിനുള്ള് ഔന്നത്യം വ്യക്തമാക്കി.
ആസ്‌ത്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ സിഡ്‌നി തണ്ടേഴ്‌സിന്റെ താരം മൈക്കല്‍ ഹസിയെ ഈ വര്‍ഷവും ലേലത്തില്‍ സ്വന്തമാക്കിയ ചെന്നൈ പരിചയ സമ്പത്തും യുവത്വവും സമന്വയിക്കുന്ന ടീമാണ്. ദക്ഷിണാഫ്രിക്കയുടെ പേസര്‍ കൈല്‍ അബോട്ട്, ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍, രാഹുല്‍ ശര്‍മ എന്നിവരെയും ഇത്തവണ ചെന്നൈ സ്വന്തമാക്കി.
ഇര്‍ഫാന്‍ പത്താനെ ടീമിലെത്തിച്ചത് കൂടുതല്‍ ആള്‍ റൗണ്ടര്‍മാരുള്ള ആദ്യ ലൈനപ്പിനെ സൃഷ്ടിക്കാനുള്ള ധോണിയുടെ പദ്ധതിയാണ്. മധ്യനിരയില്‍ ഡ്വെയിന്‍ ബ്രാവോ- രവീന്ദ്ര ജഡേജ കൂട്ടുകെട്ടിനെയാണ് ധോണി കാണുന്നത്. ടി20 ബിഗ് ബാഷില്‍ പെര്‍ത്ത് സ്‌കോര്‍ചേഴ്‌സിന്റെ ആസ്‌ത്രേലിയന്‍ ബൗളര്‍ ആന്‍ഡ്രൂ ടേയെയും ചെന്നൈ റാഞ്ചിയിട്ടുണ്ട്. ബിഗ് ബാഷില്‍ 18.35 ഇകോണമി റേറ്റില്‍ പതിനാല് വിക്കറ്റുകളാണ് ആന്‍ഡ്രു ടേ നേടിയത്. ലോകകപ്പ് ടീമംഗമായ മൊഹിത് ശര്‍മ, ന്യൂസിലാന്‍ഡിന്റെ മാറ്റ് ഹെന്റി, അബോട്ട് എന്നിവരുള്ളതിനാല്‍ ആദ്യ സീസണില്‍ ചെന്നൈക്കായി കളിക്കുക ആന്‍ഡ്രു ടേക്ക് വെല്ലുവിളിയാകും. എങ്കിലും ചെന്നൈയുടെ സൈഡ് ബെഞ്ചിലിരിക്കുന്നത് തന്നെ ഇരുപത്തെട്ടുകാരന് വലിയ അനുഭവമാകും.
ചെന്നൈയുടെ ഏറ്റവും വലിയ കരുത്ത് മുന്‍ എഡിഷനുകളിലെ പരിചയ സമ്പത്താണ്. നോക്കൗട്ട്, പ്ലേ ഓഫ് മത്സരങ്ങളെല്ലാം ചെന്നൈക്ക് സുപരിചിതം.
ക്യാപ്റ്റന്‍-കോച്ച് കോമ്പിനേഷനും ചെന്നൈക്ക് ഊര്‍ജമാണ്. ധോണിക്ക് എപ്പോഴും താങ്ങായി സ്റ്റീഫന്‍ ഫ്‌ളെമിംഗ് എന്ന പരിണിത പ്രജ്ഞനായ പരിശീലകനുണ്ട്.
ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ മികച്ച നായകനായി അറിയപ്പെടുന്ന സ്റ്റീഫന്‍ ഫ്‌ലെമിംഗിന്റെ സാന്നിധ്യം ചെന്നൈക്ക് ഏത് സാഹചര്യവും നേരിടാനുള്ള മനോബലം നല്‍കുന്നു.
സ്‌ക്വാഡ്: എം എസ് ധോണി(ക്യാപ്റ്റന്‍), ബാബ അപരാജിത്, ആശിഷ് നെഹ്‌റ, ഡ്വെയിന്‍ ബ്രാവോ, ബ്രെണ്ടന്‍ മെക്കല്ലം, ഫാഫ് ഡു പ്ലെസിസ്, ഡ്വെയിന്‍ സ്മിത്, മാറ്റ്‌ഹെന്റി, മിഥുന്‍ മന്‍ഹാസ്, ഈശ്വര്‍ പാണ്‌ഡേ, പവന്‍ നേഗി, മൊഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, സുരേഷ് റെയ്‌ന, സാമുവല്‍ ബദരീ, മൈക്കല്‍ ഹസി, റോനിത് മോറെ, കൈല്‍ അബോട്ട്, രാഹുല്‍ ശര്‍മ, പ്രത്യുഷ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍ , ഏകലവ്യ ദ്വിവേദി, അങ്കുഷ് ബെയിന്‍സ്, ആന്‍ഡ്രു ടേ.