കുറ്റിയാടി സിറാജുല്‍ ഹുദ സില്‍വര്‍ ജൂബിലിയുടെ നിറവില്‍

Posted on: April 5, 2015 12:35 pm | Last updated: April 5, 2015 at 12:35 pm

കുറ്റിയാടി: വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ രണ്ടര പതിറ്റാണ്ട് പിന്നിട്ട കുറ്റിയാടി സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികളുമായാണ് സിറാജുല്‍ ഹുദ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. ഈ മാസം 11ന് സിറാജുല്‍ ഹുദാ പ്രസിഡന്റും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സില്‍വര്‍ ജൂബിലി പ്രഖ്യാപനം നടത്തും. സിറാജുല്‍ ഹുദയും എസ് വൈ എസും സംയുക്തമായി സംഘടിപ്പിച്ച കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ പുരുഷന്‍മാരുടെ വാര്‍ഡ് കാന്തപുരം നാടിന് സമര്‍പ്പിക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ക്കുള്ള സ്വീകരണവും നടക്കും.
സിറാജുല്‍ ഹുദയുടെ തുടക്കം മുതല്‍ക്ക് സജീവ പ്രവര്‍ത്തകരായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജി, പി സി എസ് തങ്ങള്‍, കുഞ്ഞബ്ദുല്ല ഹാജി പേരോട് എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. രാത്രി നടക്കുന്ന ആത്മീയ സമ്മേനത്തില്‍ പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫി ഉദ്‌ബോധനം നടത്തും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സൈനുല്‍ ആബിദീന്‍ ബാഫഖി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുല്‍ മജീദ് അരിയല്ലൂര്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫിയുടെ പഞ്ചദിന പ്രഭാഷണത്തിന് നാളെ തുടക്കമാകും. ത്വാഹാ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്യും. മുത്വലിബ് സഖാഫി പാറാട് അധ്യക്ഷത വഹിക്കും. കൂടാതെ ഈ മാസം എട്ടിന് എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കുറ്റിയാടി താലൂക്ക് ആശുപത്രി പരിസരം ശുചീകരിക്കും. പത്ര സമ്മേളനത്തില്‍ കുമ്മോളി ഇബ്‌റാഹീം സഖാഫി, റാശിദ് ബുഖാരി, മാക്കൂല്‍ മുഹമ്മദ് ഹാജി, സിറാജ് മുള്ളന്‍കുന്ന്, ശരീഫ് സഖാഫി, കുഞ്ഞുമുഹമ്മദ് യു കെ പങ്കെടുത്തു.