Connect with us

Kozhikode

കൊയിലാണ്ടിയില്‍ ബി എസ് എന്‍ എല്‍ മൊബൈല്‍ പരിധിക്ക് പുറത്തുതന്നെ

Published

|

Last Updated

കൊയിലാണ്ടി: ടൗണിലെയും പരിസരപ്രദേശങ്ങളിലെയും ബി എസ് എന്‍ എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ മുഴുവന്‍ സമയവും പരിധിക്ക് പുറത്ത് തന്നെ. നഗരത്തിലെ ബസ് സ്റ്റാന്‍ഡ് ഒഴികെ മറ്റൊരു സ്ഥലത്തും റെയ്ഞ്ച് കിട്ടാത്തതാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്.
താങ്കള്‍ വിളിക്കുന്ന നമ്പര്‍ നിലവിലില്ല, സബ്‌സ്‌ക്രൈബര്‍ പരിധിക്ക് പുറത്താണ്, സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്, ബിസിയാണ് തുടങ്ങിയ മറുപടികളാണ് ബി എസ് എന്‍ എന്‍ ഉപഭോക്താക്കളെ വിളിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. മൂന്ന് മാസത്തിലധികമായി തുടരുന്ന ഈ തകരാര്‍ പരിഹരിക്കാന്‍ നിരവധി തവണ പരാതി നല്‍കിയിട്ടും ബി എസ് എന്‍ എല്‍ അധികൃതര്‍ തയ്യാറായില്ല.
കൊയിലാണ്ടിയിലെ ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ സ്ഥാപിച്ച ടവറിലെ ഉപകരണങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാത്തതാണ് തകരാറിന് കാരണമെന്നാണ് അറിയുന്നത്. നിലവിലുള്ള ഉപകരണത്തിന് താങ്ങാന്‍ കഴിയുന്നതിന്റെ മുന്നൂറ് ഇരട്ടിയിലധികം ഉപഭോക്താക്കളാണ് നഗരത്തില്‍ ബി എസ് എന്‍ എല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച്‌കൊണ്ടിരിക്കുന്നത്. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ബി എസ് എന്‍ എല്‍ നെറ്റ്‌വര്‍ക്കില്‍നിന്ന് ഉപഭോക്താക്കള്‍ മറ്റ് നെറ്റ്‌വര്‍ക്കിലേക്ക് കൂട്ടത്തോടെ മാറാന്‍ സാധ്യതയുണ്ട്.
കൊയിലാണ്ടിക്ക് പുറമെ സില്‍ക്ക് ബസാര്‍, കൊല്ലം എന്നിവിടങ്ങളില്‍ ടവര്‍ നിലവിലുണ്ടായിരുന്നിട്ടും പാലക്കുളം, കൊല്ലം, വിയ്യൂര്‍, പുളിയഞ്ചേരി, പന്തലായനി, പെരുവട്ടൂര്‍ എന്നിവിടങ്ങളിലും റെയ്ഞ്ച് കിട്ടുന്നില്ല. കാവുംവട്ടം പ്രദേശത്തും റെയ്ഞ്ച് ഇല്ലാത്തതിനാല്‍ മൊബൈല്‍ ഫോണുകള്‍ എപ്പോഴും പരിധിക്കു പുറത്താണ്.

Latest