Connect with us

International

ഫ്രാന്‍സിലെ ഷാര്‍ളിഹെബ്‌ദോ ആക്രമണത്തിന് ശേഷം ഇസ്‌ലാമിക പുസ്തകവില്‍പ്പനയില്‍ വന്‍ കുതിപ്പ്

Published

|

Last Updated

പാരീസ്: ഫ്രാന്‍സിലെ ഷാര്‍ളിഹെബ്‌ദോ മാഗസിനെതിരെ നടന്ന ആക്രമണത്തിന് ശേഷം ഇസ്‌ലാമിനെ കുറിച്ചുള്ള പുസ്തകങ്ങളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതായി പഠനം. ഖുര്‍ആനിനെ കുറിച്ചുള്ള ഒരു മാഗസിന്‍ വില്‍പ്പന രംഗത്ത് വന്‍മുന്നേറ്റമാണ് നടത്തുന്നതെന്നും പുസ്തകഷോപ്പുകളില്‍ മറ്റേത് പുസ്തകങ്ങളേക്കാളും ചെലവ് ഇസ്‌ലാമിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന ഉത്തരങ്ങള്‍ തൃപ്തിപ്പെടാതെ വായനക്കാര്‍ കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് ഖുര്‍ആനിനെ കുറിച്ചു പുറത്തിറക്കിയ ഫിലോസഫി മാഗസിന്റെ ഡയറക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് 2015 ആദ്യ നാല് മാസത്തില്‍ ഇസ്‌ലാം പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെട്ടുപോകുന്നതെന്ന് ഫ്രഞ്ച് നാഷനല്‍ യൂനിയന്‍ ഓഫ് ബുക്ക്‌ഷോപ്പ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. ഇസില്‍ തീവ്രവാദികള്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമില്‍ നിന്ന് വിഭിന്നമായി യഥാര്‍ഥ ഇസ്‌ലാം എന്താണെന്നാണ് ജനങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് ലാ പ്രോക്യൂര്‍ ചെയ്ന്‍ ഓഫ് ബുക്ക്‌ഷോപ്പ് മേധാവി മാതില്‍ഡേ പറഞ്ഞു. ഷാര്‍ളി ഹെബ്‌ദോ മാഗസിനെതിരെ നടന്ന ആക്രമണത്തിന് ശേഷം മുസ്‌ലിമേതര മതങ്ങളില്‍പ്പെട്ടവര്‍ ഇസ്‌ലാമിക ബുക്കുകള്‍ വാങ്ങുന്നത് അധികരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. യാഥാസഥിക കത്തോലിക്കാരിയായ ഒരു സ്ത്രീ ഖുര്‍ആനിന്റെ കോപ്പി വാങ്ങിക്കൊണ്ടുപോയതായും ഇസ്‌ലാം യഥാര്‍ഥത്തില്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണോ അതോ നിരാകരിക്കുകയോ ചെയ്യുന്നതെന്ന കാര്യം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ ബുക്‌ഷോപ്പ് നടത്തുന്ന യുവോണ്‍ ഗിലാബര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാരീസിലെ പ്രസ്റ്റീജ്യസ് കോളജില്‍ ഖുര്‍ആനിനെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ദിവസം ഒരു ചെയര്‍ ഉദ്ഘാടനം കഴിഞ്ഞതായും ഫ്രാന്‍സിലെ വിദ്യാഭ്യാസ വിചക്ഷണരും ഇസ്‌ലാമിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഴാന്‍ റോണി എന്ന അധ്യാപകന്‍ വ്യക്തമാക്കി.
2001 സെപ്തംബറില്‍ നടന്ന ആക്രമണത്തിന് ശേഷവും ഇതേ രീതിയില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള പുസ്തക വില്‍പ്പനയില്‍ വര്‍ധനയുണ്ടായതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

Latest