രാജ്യസഭാ സ്ഥാനാര്‍ഥിത്വം; കുഞ്ഞാലിക്കുട്ടിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല

Posted on: April 5, 2015 2:08 am | Last updated: April 5, 2015 at 11:11 am

pk kunhalikuttyമലപ്പുറം: രാജ്യസഭാ സ്ഥാനാര്‍ഥിയായി പി വി അബ്ദുല്‍ വഹാബിനെ വീണ്ടും തിരഞ്ഞെടുത്തത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ താത്പര്യങ്ങള്‍ മാനിക്കാതെ. ജനറല്‍ സെക്രട്ടറി കെ പി എ മജീദിന് വേണ്ടി നിരന്തരം സമ്മര്‍ദങ്ങള്‍ ചെലുത്തിയ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലും ഈ ആവശ്യം തന്നെയാണ് ഉന്നയിച്ചത്.
കാലങ്ങളായി മുസ്‌ലിം ലീഗില്‍ തീരുമാനങ്ങളെടുക്കുന്നത് കുഞ്ഞാലിക്കുട്ടിയും പ്രഖ്യാപനം നടത്തുന്നത് പ്രസിഡന്റുമായിരുന്നു. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്തും ഇതുതന്നെയായിരുന്നു തുടര്‍ന്ന് വന്നിരുന്നത്. മജീദിനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാന്‍ കുഞ്ഞാലിക്കുട്ടി കരുക്കള്‍ നീക്കുന്നതിനിടെയാണ് വഹാബിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദും പാണക്കാട് സ്വാദിഖലി തങ്ങളും നിര്‍ദേശിച്ചത്. ഇതോടെ ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ത്രിശങ്കുവിലായി. ഇതിനിടെ വെള്ളിയാഴ്ച കോഴിക്കോട് ലീഗ് യോഗം നടക്കുന്നതിനിടെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇളയ പുത്രന്‍ മുനവ്വറലി തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റും തീരുമാനമെടുക്കുന്നതിന് തടസ്സമായി. മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റികളില്‍ ഭൂരിഭാഗം സെക്രട്ടറിമാരും കെ പി എം മജീദിന്റെ പേരാണ് നിര്‍ദേശിച്ചിരുന്നത്. ഇതിന് പിന്നിലും കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങളായിരുന്നു. അവസാന നിമിഷം വരെയും മജീദ് തന്നെയാകും സ്ഥാനാര്‍ഥി എന്നായിരുന്നു മുസ്‌ലിംലീഗിലെ ഭൂരിപക്ഷം കരുതിയിരുന്നത്. എന്നാല്‍, പാണക്കാട് കുടുംബത്തില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഭിന്ന അഭിപ്രായം വന്നതോടെ നിലിവിലെ ചിത്രം മാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യോഗത്തില്‍ തര്‍ക്കങ്ങളുണ്ടാവുകയും തീരുമാനമെടുക്കുന്നതിന് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തത്. എന്നാല്‍ പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നു വരുന്ന അന്തിമ തീരുമാനം ലീഗ് അണികള്‍ ഉള്‍ക്കൊള്ളുമെന്ന കാലങ്ങളായുള്ള തീരുമാനം അംഗീകരിക്കപ്പെടണമെന്നതായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ അഭിപ്രായം. സ്ഥാനാര്‍ഥിയായി അബ്ദുല്‍ വഹാബിനെ നിശ്ചയിച്ചതോടെ എതിര്‍ അഭിപ്രായമുണ്ടെങ്കിലും മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കം അംഗീകരിക്കുകയായിരുന്നു. കുടുംബം ഒരുമിച്ച് അദ്ദേഹത്തെ പിന്തുണക്കുമെന്ന് മുനവ്വറലി തങ്ങള്‍ക്ക് പറയേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്. പലപ്പോഴും ചേളാരി സമസ്തക്കാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറാവാത്ത കുഞ്ഞാലിക്കുട്ടിയെ ഇകഴ്ത്തിക്കെട്ടാന്‍ ഹൈദരലി തങ്ങളില്‍ സമ്മര്‍ദം ചെലുത്തുകയാണ് ചേളാരി നേതൃത്വം ചെയ്തത്. ചേളാരി വിഭാഗത്തിന്റെ നേതൃപദവി അലങ്കരിക്കുന്ന ഹൈദരലി തങ്ങള്‍ ഈ സമ്മര്‍ദ്ദങ്ങല്‍ക്ക് വഴങ്ങുകയാണുണ്ടായതെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഈ സര്‍ക്കാറിന്റെ കാലാവധി തീരുകയും മജീദിനെ രാജ്യസഭയിലെത്തിക്കുകയും ചെയ്താല്‍ ഒഴിവ് വരുന്ന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനവും കുഞ്ഞാലിക്കുട്ടി ലക്ഷ്യം വെച്ചിരുന്നു.