Connect with us

Gulf

ജാബര്‍ ബിന്‍ ഹഫീസ് പുതിയ സി ഇ ഒ

Published

|

Last Updated

ദുബൈ: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാകാന്‍ നിര്‍ണായക പങ്കുവഹിച്ച, ദുബൈ സ്മാര്‍ട്ട്‌സിറ്റി സി ഇ ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല തല്‍സ്ഥാനത്ത് നിന്നു മാറുന്നു. ജാബര്‍ ബിന്‍ ഹഫീസ് ആണ് ദുബൈ സ്മാര്‍ട് സിറ്റിയുടെ പുതിയ സി ഇ ഒ. അതേസമയം, ദുബൈ ഗവര്‍മെന്റിന്റെ ദുബൈ പ്രൊപ്പര്‍ട്ടീസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സ്ഥാനകയറ്റം ലഭിച്ച അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, മെയ് ഒന്നിന് ചുമതലയേല്‍ക്കും.
കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാകാന്‍, ദുബൈ ടീകോമിന് വേണ്ടി, നിര്‍ണായകമായ ചര്‍ച്ചകളും ഏറ്റവും കൂടുതല്‍ തവണ കേരളം സന്ദര്‍ശിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല. സ്മാര്‍ട്ട്‌സിറ്റിയെ, ദുബൈക്ക് അപ്പുറം, മാള്‍ട്ടയിലേക്കും കൊച്ചിയിലേക്കും എത്തിയ്ക്കാനും ഇദ്ദേഹത്തിലൂടെ വഴി ഒരുങ്ങി.
ദുബൈ നഗരത്തെ സ്മാര്‍ട്‌സിറ്റിയിലൂടെ ലോക ഐ ടി ഭൂപടത്തില്‍, സ്മാര്‍ട് ആക്കിയെങ്കില്‍, ഇനി, ഏറെ സാധ്യതകളുളള റിയല്‍ എസ്റ്റേറ്റ് മേഖലയിലും, അല്‍ മുല്ലയുടെ പ്രവൃത്തി പരിചയം ഉപയോഗിക്കാനാണ് ഈ പുതിയ പദവി നല്‍കിയതെന്ന് അറിയുന്നു. നേരത്തെ, അഞ്ചു വര്‍ഷക്കാലം ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ ഗ്രൂപ്പ് സി ഇ ഒ ആയിരുന്നു. അതിന് മുമ്പ് മൈക്രോസോഫ്ടിലും സേവനം അനുഷ്ടിച്ചു.
ദുബൈ ഗവര്‍മെന്റിന്റെ ദുബൈ ഹോള്‍ഡിങ്ങ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ദുബൈ പ്രൊപ്പര്‍ട്ടീസ് ഗ്രൂപ്പ്. പുതിയ സി ഇ ഒ യായി വരുന്ന ജാബര്‍ ബിന്‍ ഹഫീസ് ആയിരിക്കും, ജൂണ്‍ മാസത്തില്‍ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക. രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായ എത്തിസലാത്തിന്റെ രാജ്യാന്തര വ്യാപാരം ഉള്‍പടെ, 18 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായിട്ടാണ് ജാബര്‍, സി ഇ ഒ ആകുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ദുബൈ സന്ദര്‍ശനത്തില്‍, നടന്ന സ്മാര്‍ട്‌സിറ്റി ബോര്‍ഡ് യോഗത്തിലും അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല പങ്കെടുത്തിരുന്നു.