ഹൂതികളുടെ ശക്തി കേന്ദ്രങ്ങളില്‍ യു എ ഇ ആക്രമണം

Posted on: April 4, 2015 8:00 pm | Last updated: April 4, 2015 at 8:23 pm

അബുദാബി: ഹൂത്തികളുടെ ശക്തി കേന്ദ്രങ്ങളിലേക്കു യു എ ഇ പോര്‍വിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തി. ആകാശയുദ്ധം കനത്തതോടെ ചില സ്ഥലങ്ങളില്‍ ഫലപ്രദമായെന്നാണ് റിപ്പോര്‍ട്ട്.
അറബ് സഖൃത്തിന്റെ ആസിഫത്തുല്‍ ഹസം പത്താം ദിവസത്തിലേക്കു കടന്നു. യമനില്‍ സാധാരണ ജീവിതം തിരിച്ചുകൊണ്ടുവരാനായി അറബ് സഖ്യസേനയോടൊപ്പം യു എ ഇയുടെ പോര്‍വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. റാസഖ് മേഖലകളിലെ പര്‍വതമേഖലകളിലും പടിഞ്ഞാറന്‍ യമനിന്റെ വടക്കുഭാഗത്തുള്ള സഅദയിലും വിമാനങ്ങള്‍ ബോംബിട്ടു. ഹൂതികളുടെ സൈനിക താവളങ്ങളാണിത്. ഏദന്‍ വിമാനത്താവളവും പ്രധാന നഗരങ്ങളും കീഴ്‌പ്പെടുത്താന്‍ ഹൂത്തികള്‍ ശ്രമം നടത്തവെയാണു സഖ്യസൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണം.
വ്യോമനിരീക്ഷണത്തിനായി സ്ഥാപിച്ച റഡാറുകള്‍ തകര്‍ത്താണു വിമതരുടെ സൈനിക നീക്കത്തെ യു എ ഇ പോര്‍വിമാനങ്ങള്‍ ചെറുത്തത്. റഡാറുകളുടെ കേന്ദ്രവും ഹൂത്തികളുടെ ആയുധപ്പുരകളുമുള്ള തഇസ് മേഖലയിലും വിമാനങ്ങള്‍ ബോംബിട്ടു തകര്‍ത്തു. ഇറാന്റെ സഹായത്തോടെ വിമതപ്രവര്‍ത്തനം നടത്തുന്ന ഹൂത്തികളുടെയും മുന്‍പ്രസിഡന്റ് അലി സ്വാലിഹിന്റെയും അക്രമം അമര്‍ച്ചചെയ്യാന്‍ യു എ ഇയുടെ 30 യുദ്ധവിമാനങ്ങളുണ്ട്.
അല്‍ ഹസം സ്റ്റോം എന്നാണ് സഖ്യസേനയുടെ വ്യോമാക്രമണ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സനായിലെ വിമാനത്താവളം, റഡാറുകള്‍, എയര്‍ ഡിഫന്‍സ് സെന്റര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെയാണ് യു എ ഇയുടെ യുദ്ധ വിമാനങ്ങള്‍ ആക്രമിക്കുന്നത്. ആക്രമണം നടത്തിയ എല്ലാ യുദ്ധ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തുന്നതായി സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സഊദിയുടെ 100ഉം കുവൈത്ത്, ബഹ്‌റൈന്‍ എന്നിവയുടെ 15ഉം, ഖത്തറിന്റെ 10ഉം യുദ്ധ വിമാനങ്ങളാണ് പ്രധാനമായും ആക്രമണങ്ങളില്‍ പങ്കാളികളാവുന്നത്. ഇതോടൊപ്പം ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, സുഡാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്.
അയല്‍രാജ്യമായ യമനിന്റെ സുരക്ഷയും അഖണ്ഡതയും തകരാതിരിക്കാനാണ് സഖ്യ സേനാ നിക്കം. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ശിഥിലീകരണമാണ് ഹൂത്തി തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ഇമറാത്തി നിലപാടിന്റെ ഭാഗം കൂടിയാണ് ഹൂത്തികള്‍ക്കെതിരായ യുദ്ധത്തില്‍ യു എ ഇ സജീവമായി പങ്കാളിയാവുന്നത്. യമന്‍ സര്‍ക്കാരിനുള്ള യു എ ഇയുടെ കറയറ്റ പിന്തുണയുടെ ഭാഗം കൂടിയാണ് നടപടി. സഹോദരങ്ങളെ സംരക്ഷിക്കുകയെന്നത് യു എ ഇ ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ മൂല്യങ്ങളുടെ ഭാഗം കൂടിയാണ്.
അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ശക്തമായ നേതൃത്വത്തിന് കീഴിലാണ് വ്യോമ സേനാംഗങ്ങളെ നീതിക്കായി പോരാടാന്‍ നിയോഗിച്ചിരിക്കുന്നത്.