വള്ളിക്കുന്നില്‍ റോഡിനും ഭവന നിര്‍മാണത്തിനും മുന്‍ഗണന

Posted on: April 4, 2015 12:12 pm | Last updated: April 4, 2015 at 12:12 pm

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2015-16 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് നിസാര്‍ കുന്നുമ്മല്‍ അവതരിപ്പിച്ചു.
14,88,09,142 രൂപ വരവും 14,29,22,000 രൂപ ചെലവും 58,87,142 രൂപ നീക്കിയിരിപ്പും പ്രതീക്ഷഇക്കുന്ന വാര്‍ഷിക ബജറ്റില്‍ ഭവന നിര്‍മാണത്തിന് ഒരു കോടി രൂപയും റോഡ്, പാലം തുടങ്ങിയവക്ക് മൂന്നര കോടി രൂപയും ദാരിദ്ര്യ ലഘൂകരണത്തിന് ഒരു കോടി രൂപയും കൃഷിക്ക് 75 ലക്ഷം രൂപയും കുടിവെള്ളത്തിന് 35 ലക്ഷം രൂപയും അങ്കണ്‍വാടി മേഖലക്ക് 80 ലക്ഷം രൂപയും വിദ്യാഭ്യാസത്തിന് 50 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് 40 ലക്ഷം രൂപയും വൈദ്യുതി മേഖലക്ക് 20 ലക്ഷം രൂപയും ആരോഗ്യ ശുചിത്വ മേഖലക്ക് 75 ലക്ഷം രൂപയും മൃഗസംരക്ഷണത്തിന് 25 ലക്ഷം രൂപയും വകയിരുത്തി.
മത്സ്യതൊഴിലാളികളുടെ ഭവന നിര്‍മാണത്തിനും ക്ഷേമത്തിനും 50 ലക്ഷം രൂപയും കലാ-കായിക-യുവജന ക്ഷേമത്തിന് 25 ലക്ഷം രൂപയും ആശ്രയ പദ്ധതിക്ക് 15 ലക്ഷം രൂപയും മാലിന്യ പരിപാലനത്തിന് 12 ലക്ഷം രൂപയും വികലാംഗ ക്ഷേമ പദ്ധതികള്‍ക്ക് പത്ത് ലക്ഷം രൂപയും അഗതി-വൃദ്ധ-വനിത-ശിശുക്ഷേമ പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിനെ വില്ലേജ് അടിസ്ഥാനത്തില്‍ ഇരു പഞ്ചായത്തുകളായി വിഭജിക്കപ്പെടുമ്പോള്‍ ഇരു പഞ്ചായത്തിലും നിര്‍ബന്ധമായും ഉണ്ടാകേണ്ട വിവിധ ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണത്തിനും വാടകക്കും 50 ലക്ഷം രൂപയും വകയിരുത്തിയതോടൊപ്പം ജലസേചനം, കുടുംബശ്രീ, സ്ഥാവര ജംഗമ സ്വത്തുക്കളുടെ സംരക്ഷണം, ശ്മശാനം, തൊഴില്‍ പരിശീലനം, മാര്‍ക്കറ്റ്, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, കോളനികളില്‍ സോളാര്‍ ലൈറ്റ്, ഭൂമി വാങ്ങല്‍ എന്നീ ജനക്ഷേമകരമായ മറ്റു പല പദ്ധതികളും ഉള്‍പ്പെടുത്തി അവതരിപ്പിച്ച ബജറ്റ് ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് എന്‍ പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.