Connect with us

International

കെനിയയിലെ സര്‍വകാലാശാലാ ആക്രമണം: മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം

Published

|

Last Updated

നൈറോബി: വടക്കന്‍ കെനിയയിലെ ഗരിസ്സ സര്‍വകലാശാലക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടതായി വിമര്‍ശം.
അതിനിടെ, ആക്രമണത്തി ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 147 ആയി. ആക്രമണത്തില്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ ആശുപത്രികള്‍ കയറിയിറങ്ങുന്ന രക്ഷിതാക്കളെക്കൊണ്ട് ദുരന്തഭൂമിയായിരിക്കുകയാണ് കെനിയ. 1998ല്‍ കെനിയയില യു എസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടായ എറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ കെനിയയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്.
ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് പോകാനുള്ള ശ്രമത്തിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ ബാഗേജുകളുമായി ബസ് കാത്തുനില്‍ക്കുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് സര്‍വകലാശാലാ പരിസരം. പല വിദ്യാര്‍ഥികളും തൊട്ടടുത്ത സൈനിക കേന്ദ്രത്തില്‍ അഭയം തേടിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു. സര്‍വകലാശാലയില്‍ നിന്ന് മൃതദേഹങ്ങളുമായി പോകുന്ന നിരവവധി ആംബുലന്‍സുകള്‍ ഇന്നലെയും ദൃശ്യമായിരുന്നു. ആക്രമണത്തില്‍ ഇരുപതോളം സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. സര്‍വകലാശാല മൈതാനത്തെത്തിയ തീവ്രവാദികള്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ചിട്ട ശേഷമായിരുന്നു ക്ലാസ് മുറികളിലേക്ക് പ്രവേശിച്ചത്. അവിടെ വെച്ച് ക്രിസ്തുമതത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ തീവ്രവാദികള്‍ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആഫ്രിക്കന്‍ യൂനിയന്‍ സോമാലിയയില്‍ നടത്തുന്ന സൈനിക നടപടികളെ പിന്തുണച്ചതിനാണ് നൈജീരിയയില്‍ ആക്രമണം നടത്തിയത് എന്നായിരുന്നു സോമാലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ശബാബ് തീവ്രവാദ സംഘടനാ വക്താവ് ശൈഖ് അലി മഹ്മൂദ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍, ആക്രമണങ്ങള്‍ കൊണ്ട് ഭീഷണിപ്പടുത്താന്‍ ശ്രമിക്കേണ്ടെന്ന് കെനിയന്‍ ആഭ്യന്തര മന്ത്രി ജോസഫ് കൈസറി തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിരപരാധികളെ കൊന്നൊടുക്കുന്നത് സര്‍ക്കാറിനെ ശിഥിലമാക്കാനുള്ള ഉപാധിയായി കാണുന്നുവെങ്കില്‍ അതിന് മുന്നില്‍ തങ്ങള്‍ മുട്ടുമടക്കില്ലെന്നും കൈസറി വ്യക്തമാക്കി.

---- facebook comment plugin here -----

Latest