മുഖ്യമന്ത്രിയുടെ നിലപാടില്‍ ഐ ഗ്രൂപ്പിന് അമര്‍ഷം

Posted on: April 4, 2015 4:48 am | Last updated: April 4, 2015 at 12:48 am

തിരുവനന്തപുരം: കെ എം മാണിക്കെതിരെ കേസെടുത്തതില്‍ നിയമ വൃത്തങ്ങളില്‍ രണ്ടഭിപ്രായമുണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടില്‍ ഐ ഗ്രൂപ്പിന് കടുത്ത അമര്‍ഷം. മുഖ്യമന്ത്രിയുടെ നിലപാട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന വാദമാണ് ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. ആഭ്യന്തര വകുപ്പിനും ആഭ്യന്തര മന്ത്രിക്കുമെതിരെ കെ എം മാണി ഉന്നയിച്ച ആരോപണങ്ങളെ മുഖ്യമന്ത്രി ന്യായീകരിച്ചെന്നാണ് ഐ ഗ്രൂപ്പിന്റെ പ്രധാന കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനത്തെ ഇപ്പോള്‍ തള്ളി പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍. അതേസമയം, ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

തിങ്കളാഴ്ച ചേരുന്ന കെ പി സി സി നേതൃയോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് വരും. മാണിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ രണ്ടഭിപ്രായമുണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് മാത്രമല്ല, നിയമ വൃത്തങ്ങളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മാണിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം കൂട്ടായി ആലോചിച്ചെടുത്തതാണ്. മുഖ്യമന്ത്രിയുമായും പ്രധാന കക്ഷിനേതാക്കളുമായും ആഭ്യന്തര മന്ത്രി ചര്‍ച്ച ചെയ്ത് കൂട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ആഭ്യന്തര മന്ത്രിയെ ഒറ്റപ്പെടുത്തുന്നത് രാഷ്ട്രീയമര്യാദയല്ല. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഐ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. മാണിയെ അനുനയിപ്പിക്കാനും ആഭ്യന്തര മന്ത്രിയെ ഒറ്റപ്പെടുത്താനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. ആഭ്യന്തര മന്ത്രിക്കെതിരായ കേരളാ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവന ഊര്‍ജം പകരുമെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍. ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ കേസെടുത്തതെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവര്‍ത്തിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രി അത് പരാമര്‍ശിക്കുകപോലും ചെയ്യാതെ മാണിയെ പിന്തുണക്കുകയായിരുന്നുവെന്നും ഐ ഗ്രൂപ്പ് പരാതിപ്പെടുന്നു.
അതേസമയം, ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. തന്റെ പ്രസ്താവനയെ വളച്ചൊടിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ആരുവിചാരിച്ചാലും നടക്കില്ല. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല.
രണ്ടഭിപ്രായമുണ്ടെന്ന് പറഞ്ഞത് ശരിയാണ്. നിയമ വൃത്തങ്ങളിലും മറ്റ് തലങ്ങളിലും അഭിപ്രായമുണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിയും താനും ഒരഭിപ്രായക്കാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.