Connect with us

Kerala

യമന്‍: 1900പേരെ കൂടി ഉടന്‍ നാട്ടിലെത്തിക്കും

Published

|

Last Updated

തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ യമനില്‍ നിന്നും 1,900 ഇന്ത്യക്കാരെ കൂടി ഉടന്‍ ഒഴിപ്പിക്കും. പകുതിയോളം പേര്‍ ഇന്ന് പുലര്‍ച്ചെയോടെ നാട്ടിലെത്തി. മൂന്നു വിമാനങ്ങളിലും രണ്ടു കപ്പലുകളിലുമായാണ് ഇവരെ നാട്ടിലെത്തിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു വിമാനങ്ങളും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് യമനില്‍ എത്തിയത്. ഇതില്‍ ഒരു വിമാനം ഇന്നലെ രാത്രി കൊച്ചിയിലെത്തി. രണ്ടു വിമാനങ്ങള്‍ മുംബൈയിലാണ് ഇറങ്ങിയത്. യമനിലെ ഏദന്‍, ഹൊദിദ തുറമുഖങ്ങളില്‍ നാവികസേനയുടെ രണ്ടു കപ്പലുകള്‍ ഇന്നലെ രാത്രിയോടെ എത്തിയിട്ടുണ്ട്. ഇന്ന് തന്നെ ഇവ മടങ്ങുമെന്നു പ്രതീക്ഷിക്കുന്നത്.യമനിലെ സനാ വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ ഇന്ത്യക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ അയക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. യമന്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി അയച്ച നാലാമത്തെ കത്താണിത്. യമനിലെ തുറമുഖങ്ങളിലേക്ക് കൂടുതല്‍ കപ്പലുകള്‍ അയക്കണം. വിമാനത്താവളത്തിലേക്കും തുറമുഖങ്ങളിലേക്കും പോകാന്‍ ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ റെഡ്‌ക്രോസ് പോലുള്ള സംഘടനകളുടെ സഹായം തേടണം. ആശുപത്രികളും മറ്റു ചില സ്ഥാപനങ്ങളും പാസ്‌പോര്‍ട്ടും മറ്റു യാത്രാരേഖകളും പിടിച്ചുവെക്കുന്നുണ്ട്. അവ ലഭിക്കാന്‍ എംബസി കൂടുതല്‍ കാര്യക്ഷമമായി ഇടപെടണം. യാത്രാരേഖയില്ലെങ്കില്‍ പോലും അവരെ തടഞ്ഞുവെക്കുന്ന സാഹചര്യം ഉണ്ടാകരുത്. യമനിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കാന്‍ അനുഭവസമ്പത്തുള്ള കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചൈന, റഷ്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ മുഴുവന്‍ പൗരന്‍മാരെയും ഇതിനോടകം ഒഴിപ്പിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

 

Latest