പൊന്നാനി തുറമുഖത്ത് നിന്ന് കടല്‍മണല്‍ ശുദ്ധീകരിച്ചെടുക്കാനുള്ള പദ്ധതി വരുന്നു

Posted on: April 4, 2015 5:34 am | Last updated: April 4, 2015 at 12:34 am

മലപ്പുറം: പൊന്നാനി തുറമുഖത്ത് നിന്നും കടല്‍മണല്‍ ശുദ്ധീകരിച്ചെടുക്കാനുള്ള പദ്ധതി വരുന്നു. സര്‍ക്കാര്‍ പൊതു പങ്കാളിത്തത്തോടെ (പി പി പി) നടപ്പിലാക്കുന്ന പദ്ധതിക്ക് തുറമുഖ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പൊന്നാനി തുറമുഖത്ത് നിന്നും നീക്കുന്ന ഉപ്പും കക്കയും ചെളിയും നിറഞ്ഞ മണല്‍ നൂതന സാങ്കേതിക വിദ്യയിലൂടെ ശുദ്ധീകരിച്ച് മണല്‍ വേര്‍തിരിച്ചെടുത്ത് വിപണനം ചെയ്യുന്നതാണ് രീതി. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കുന്ന പദ്ധതിക്ക് 25 കോടി രൂപയാണ് പ്രാഥമികമായി ചെലവ് കണക്കാക്കുന്നത്. മലപ്പുറം എടപ്പാള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ട്രേഡിംഗ് കമ്പനിക്കാണ് പദ്ധതിനടപ്പാക്കാനുള്ള അംഗീകാരം ലഭിച്ചത്. മുതല്‍ മുടക്ക് കമ്പനി വഹിക്കുകയും വരുമാനത്തിന്റെ 35 ശതമാനം സര്‍ക്കാറിന് ലഭിക്കുകയും ചെയ്യുന്ന രൂപത്തിലാണ് സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്. ആഗോള ടെണ്ടര്‍ വിളിച്ചതിലൂടെയാണ് കമ്പനിയെ പദ്ധതിക്കായി തിരഞ്ഞെടുത്തത്. പാരിസ്ഥിക അനുമതി ഉള്‍പ്പെടെ എല്ലാം ലഭ്യമായ കമ്പനിക്ക് അടുത്ത മാസത്തോടെ തന്നെ പ്രവര്‍ത്തനം തുടങ്ങാനാവും. 2012 ല്‍ എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ച പദ്ധതിക്ക് തുറമുഖ വകുപ്പിന്റെയും ആസൂത്രണ ബോര്‍ഡിന്റെയും ധനകാര്യ വകുപ്പിന്റെയും പരിശോധനക്കും പഠനത്തിനും ശേഷമാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിയ സമിതിയുടെ അംഗീകാരവും ലഭിച്ചതോടെയാണ് ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നത്.

കഴിഞ്ഞ 25 നാണ് ഗ്ലോബല്‍ ട്രേഡിംഗ് കമ്പനിക്ക് അന്തിമമായി അനുമതി നല്‍കികൊണ്ട് തുറമുഖ വകുപ്പ് ഉത്തരവിറക്കിയത്.
ഒരു മാസം 45000 മുതല്‍ 60000 ടണ്‍ വരെ മണല്‍ സംസ്‌കരിച്ചെടുക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഇതോടെ മേഖലയിലെ മണല്‍ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാനുമാകും.
ശുദ്ധീകരിക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള മണല്‍ വില്‍പന നടത്താനുള്ള അധികാരം കമ്പനിക്കായിരിക്കും. എന്നാല്‍ വില സര്‍ക്കാര്‍ നിര്‍ണയിക്കും. മണല്‍ ശുദ്ധീകരണ പ്ലാന്റിലും അനുബന്ധ മേഖലയിലുമായി 2200 പേര്‍ക്കെങ്കിലും ഇവിടെ നേരിട്ട് തൊഴിലെടുക്കാനാകും.