ക്ലബ്ബുകളിലെ ബാറുകള്‍; യു ഡി എഫ് യോഗത്തില്‍ തീരുമാനമാകും

Posted on: April 4, 2015 5:33 am | Last updated: April 4, 2015 at 12:33 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തില്‍ ഉള്‍പ്പെടാത്തതും വിദേശ മദ്യം വിളമ്പാന്‍ അനുമതിയുമുള്ള ക്ലബ്ബുകളുടെ കാര്യത്തില്‍ വ്യാഴാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തില്‍ തീരുമാനമുണ്ടാകും. മദ്യനയത്തിന് ഹൈക്കോടതി അംഗീകാരം നല്‍കിയതോടെ ക്ലബ്ബുകളുടെ ലൈസന്‍സ് വിഷയം പരിഹാരമുണ്ടാകാതെ നീളുകയായിരുന്നു.
മദ്യനയത്തില്‍ കഌബ്ബുകളിലെ ബാറുകളെ ഉള്‍പ്പെടുത്താത്തതിനാല്‍ മറ്റ് ബാറുകള്‍ അടച്ചിട്ടും ക്ലബ്ബിലെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിച്ചു വരികയാണ്. എന്നാല്‍ പുതുതായി കഌബ്ബുകള്‍ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചാല്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് സര്‍ക്കാറിന് നയപരമായ തീരുമാനം ഉടന്‍ എടുക്കേണ്ടി വരും. യു ഡി എഫ് യോഗത്തില്‍ ഈ വിഷയത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ വ്യാപകമായ വിമര്‍ശനം നേരിടേണ്ടിവരുമെന്ന കാരണത്താലാണ് വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം പ്രതീക്ഷിക്കുന്നത്. വിദേശമദ്യം വിളമ്പാന്‍ അനുമതിയുള്ള 33 ക്ലബ്ബുകള്‍ക്കാണ് സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുള്ളത്. പുതിയ അബ്കാരി നയം നിലവില്‍ വന്ന ശേഷം ഒരു ക്ലബ്ബിനുകൂടി ലൈസന്‍സ് നല്‍കുകയും ചെയ്തിരുന്നു. ഇവയില്‍ ഏറെയും കൊച്ചിയിലും തിരുവനന്തപുരത്തുമാണ്. ക്ലബ്ബുകളിലെ ബാറുകളുടെ ഉപയോഗം അംഗങ്ങള്‍ക്കും അവരുടെ അഥിതികള്‍ക്കുമായി പരിമിതിപ്പെടുത്തിയിട്ടുണ്ട്.അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, സര്‍വീസ് എന്നിവയില്‍ ഈ ബാറുകള്‍ പലതും 5 സ്റ്റാര്‍ ഹോട്ടലുകളോട് കിടപിടിക്കുന്നവയുമാണ്. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അബ്കാരി നയം ആവിഷ്‌കരിച്ചപ്പോഴും ക്ലബ്ബുകളുടെ ലൈസന്‍സിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
ക്ലബ്ബുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകളാണ് നിലവിലുള്ളത്. 15 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസായി ക്ലബ്ബുകളില്‍നിന്ന് ഈടാക്കുന്നത്. എഫ് എല്‍ ഫോര്‍ വിഭാഗത്തില്‍പ്പെട്ട ലൈസന്‍സാണ് ക്ലബ്ബുകള്‍ക്ക് നല്‍കുന്നത്. 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍ക്ക് അഞ്ച് മുറികള്‍, ഇന്‍ഡോര്‍ കളിക്കളങ്ങള്‍, ഔട്ടോഡോര്‍ ഗെയിം സൗകര്യങ്ങള്‍ തുടങ്ങിയ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വിദേശമദ്യം വിളമ്പാനുള്ള അനുമതി നല്‍കുന്നത്.
ക്ലബ്ബുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ബാര്‍ ലൈസന്‍സ് ഫീസ് കുത്തനെ കൂട്ടുന്നതിനും ആലോചനയുണ്ട്. പക്ഷെ ക്ലബ്ബുകളിലെ ബാറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനെതിരെ ബാറുടമകള്‍ കോടതിയെ സമീപിക്കാനാണ് സാധ്യത. സംസ്ഥാനത്തെ ബാറുകള്‍ നിര്‍ത്തലാക്കിയതിനെതിരെ സുപ്രീം കോടിയിലുന്നയിക്കാനുള്ള ആയുധമായിട്ടാകും ക്ലബ്ബുകളിലെ ബാറുകളെ ബാറുടമകള്‍ ഉപയോഗിക്കുക. ഇതു കൊണ്ടു തന്നെ പുതിയ അപേക്ഷകര്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കിയാല്‍ മതി എന്ന അഭിപ്രായം എക്‌സൈസ് വകുപ്പില്‍ ശക്തമാണ്.
കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റംവരുത്താനും യു ഡി എഫ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും. നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയാക്കാനാണ് ആലോചിക്കുന്നത്. ബിയര്‍, വൈന്‍ ബാറുകളുടെ ലൈസന്‍സ് ഫീസ് നാലുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്താനും തീരുമാനമുണ്ടായേക്കും.