നദികള്‍ കാക്കാന്‍ ജനകീയ പദ്ധതി

Posted on: April 4, 2015 5:53 am | Last updated: April 4, 2015 at 8:56 pm

River photo-knrകണ്ണൂര്‍: സംസ്ഥാനത്തെ നദികള്‍ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കാന്‍ കിലയുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയ പദ്ധതി രൂപവത്കരിക്കുന്നു. അതിഭീതിദമായ തോതില്‍ സംസ്ഥാനത്തെ നദികള്‍ നശിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ കിലയുടെ നേതൃത്വത്തില്‍ ‘പുഴയൊഴുകാന്‍, കനിവുണരാന്‍’ എന്ന പേരില്‍ പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ മാതൃകാ പദ്ധതി കണ്ണൂരിലെ കുപ്പം പുഴയില്‍ വിജയകരമായി ആദ്യ ഘട്ടം പിന്നിട്ടു. തീര്‍ത്തും ജനകീയ കൂട്ടായ്മയിലൂടെ പുഴ സംരക്ഷിക്കുന്ന ഈ കര്‍മ പരിപാടി വരുന്ന ആറ് മാസത്തിനകം മറ്റ് 43 നദികളില്‍ക്കൂടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്താദ്യമായാണ് സംസ്ഥാനത്തെ മുഴുവന്‍ പുഴകളും ജനങ്ങള്‍ സംരക്ഷിക്കാന്‍ ഒരുങ്ങിയിറങ്ങുന്ന പദ്ധതിക്ക് തുടക്കമാകുന്നത്.

ഓരോ നദികയും ഒഴുകുന്ന പ്രദേശത്തുള്ള തദ്ദേശ സ്ഥാപനങ്ങളാണ് വിവിധ ഘട്ടങ്ങളുള്ള പദ്ധതി ഏറ്റെടുത്ത് നടത്തുക. ഏതൊക്കെ രീതിയിലാണ് പുഴ സംരക്ഷിക്കേണ്ടതെന്ന് തീരുമാനിക്കാനും പൂര്‍ണമായി ജനങ്ങളെക്കൊണ്ട് പുഴയെയും പുഴ ഉത്ഭവിക്കുന്ന വൃഷ്ടി പ്രദേശത്തെയും സംരക്ഷിക്കുന്നതിന് പ്രാപ്തരാക്കാനും പഞ്ചായത്തുകള്‍ തന്നെയാണ് പദ്ധതികള്‍ തയ്യാറാക്കേണ്ടത്. ഇതിനാവശ്യമായ സാമ്പത്തികച്ചെലവും പഞ്ചായത്തുകള്‍ വഹിക്കും. ആദ്യ ഘട്ടം പുഴയോര ഗ്രാമ സഭകള്‍ ചേര്‍ന്നാണ് സംരക്ഷണ പരിപാടികള്‍ക്ക് തുടക്കമിടുക.
രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേര്‍ത്തായിരിക്കും ഗ്രാമ സഭകള്‍ നടത്തുക. തുടര്‍ന്ന് ഈ പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് കാല്‍നട ജാഥകള്‍ നടത്തും. പുഴയോരത്ത് കൂടിയുള്ള ഇത്തരം ജാഥകളില്‍ പുഴയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രശ്‌നങ്ങള്‍ പ്രത്യേകമായി ഉന്നയിക്കുകയും ചെയ്യും. ഇതിനു ശേഷം വിവിധ സെമിനാറുകള്‍ സംഘടിപ്പിക്കുകയാണ് ചെയ്യുക. എല്ലാ തരത്തിലുള്ള ആളുകളെയും സെമിനാറുകളില്‍ പങ്കെടുപ്പിക്കും. മറ്റ് പഞ്ചായത്തുകളില്‍ക്കൂടി പരിപാടി നടത്തിയ ശേഷമാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക. പുഴ സംരക്ഷണത്തിനുള്ള വിവിധങ്ങളായ പദ്ധതികള്‍ തയ്യാറാക്കുകയെന്നതാണ് അടുത്ത പരിപാടി. പുഴയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെയടക്കം മുന്‍നിരയില്‍ കൊണ്ടുവന്നാണ് പദ്ധതി രൂപവത്കരിക്കുക. പുഴക്ക് നാശം വരാത്ത രീതിയില്‍ കാത്തുരക്ഷിക്കാന്‍ പ്രത്യേക നാട്ടുകൂട്ടായ്മ തന്നെ ഓരോയിടങ്ങളിലും സംഘടിപ്പിക്കും. പുഴ കൈയേറ്റം ഒഴിപ്പിക്കാനും മറ്റും ജനങ്ങളുടെ കൂട്ടായ്മ തന്നെയാണ് രംഗത്തെത്തുക. ഇവര്‍ക്ക് വേണ്ട സഹായങ്ങളും പഞ്ചായത്ത് നല്‍കും.
ഓരോ ഘട്ടത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കില ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. പത്തോളം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കണ്ണൂരിലെ കുപ്പം പുഴ സംരക്ഷണത്തിനായി മാതൃകാ പദ്ധതിയെന്ന നിലയില്‍ നടപ്പാക്കിയ ഈ കര്‍മ പരിപാടി ആദ്യ ഘട്ടം വന്‍ വിജയമായെന്നാണ് വിലയിരുത്തല്‍. പുഴയെ വലിയ നാശത്തിലേക്ക് കൊണ്ടെത്തിക്കുന്ന കരിങ്കല്‍ ഖനനമുള്‍പ്പടെ ഇല്ലാതാക്കാന്‍ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.