ദു:ഖവെള്ളി ദിനത്തിലെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

Posted on: April 3, 2015 10:37 am | Last updated: April 3, 2015 at 11:37 pm

KURIAN_JOSEPH_

ന്യൂഡല്‍ഹി: ദു:ഖവെള്ളി ദിനത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് വ്യക്തമാക്കി മലയാളിയായ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ചു. ദു:ഖവെള്ളി ദിനത്തിലെ യോഗത്തില്‍ എതിര്‍പ്പ് പ്രകടമാക്കി മാര്‍ച്ച് 18നാണ് അദ്ദേഹം കത്തയച്ചത്. എന്നാല്‍ കത്ത് ചീഫ് ജസ്റ്റിസ് എച്ച എല്‍ ദത്തു തള്ളി. കുര്യന്‍ ജോസഫിന്റെ അഭിപ്രായം ഞെട്ടിക്കുന്നതാണെന്നും വ്യക്തിക്കല്ല സ്ഥാപനത്തിനും ഉത്തരവാദിത്തങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

സുപ്രീംകോടതി പോലൊരു സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും അവധി ദിനത്തിന്റെ പ്രാധാന്യം കുറക്കുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്ന് കത്തില്‍ പറയുന്നു. മതപരമായി പ്രാധാന്യമുള്ള അവധി ദിനങ്ങളില്‍ യോഗം വിളിക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. ദീപാവലി, ഹോളി, ഈദ് ദിനങ്ങളില്‍ യോഗം വിളിക്കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറാകുമോ എന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തില്‍ ചോദിക്കുന്നു.
സഹപ്രവര്‍ത്തകന്റെ അഭിപ്രായം ഞെട്ടിച്ചെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന് വേണമെങ്കില്‍ കുടുംബത്തെ ഡല്‍ഹിയില്‍ കൊണ്ടുവരാമെന്ന് വ്യക്തമാക്കി. പലരും അങ്ങനെ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
എല്ലാവരുടേയും സൗകര്യങ്ങള്‍ നോക്കിയാണ് ഇത്തരം അവധി ദിവസങ്ങളില്‍ സമ്മേളനം വിളിക്കുന്നതെന്ന് നേരത്തെ പൊതുതാല്‍പര്യ ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.