കരുവാന്‍കുഴി മമ്മദ്ക്കക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Posted on: April 3, 2015 10:16 am | Last updated: April 3, 2015 at 10:16 am

കൊപ്പം: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായിരുന്ന വിളയൂര്‍ കുപ്പൂത്ത് കരുവാന്‍കുഴി മമ്മദ് ഇനി ഓര്‍മ. കുപ്പൂത്ത് ഗ്രാമത്തിലെ മുതിര്‍ന്ന കാരണവന്മാരില്‍ ഒരാളും സന്നദ്ധ സേവനരംഗത്ത് നിറ സാന്നിധ്യവുമായിരുന്നു മമ്മദ്. സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെയും സാദാത്തുകളെയും ഉലമാക്കളെയും അതിരറ്റ് സ്‌നേഹിച്ചിരുന്നു.
സമസ്തയിലുണ്ടായ നിര്‍ഭാഗ്യകരമായ പിളര്‍പ്പാനന്തരം മഞ്ഞളാംകുഴി മഹല്ലില്‍ സുന്നി പരിപാടികള്‍ക്ക് വിലക്കുണ്ടായിരുന്നു. മഹല്ലില്‍ എസ് വൈ എസ്, എസ ്എസ് എഫ് പരിപാടികള്‍ നടത്താന്‍ പിന്തുണയും കരുത്തും പകര്‍ന്നു തന്നത്. സുന്നികളെ സഹായിച്ചത് മറാക്കാനാകാത്ത അനുഭവമാണെന്ന് പി സൈനുല്‍ആബിദ് സഖാഫി പറഞ്ഞു. കൂരാച്ചിപ്പടി മഹല്ലില്‍ എസ്എസ്ഫ് വിളയൂര്‍ പഞ്ചായത്ത് കമ്മിറ്റി നബിദിന സമ്മേളനം പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ മഹല്ല് കമ്മിറ്റിയുടെ ഒത്താശയോടെ പരിപാടി മുടക്കാന്‍ ശ്രമിച്ചു.
അന്നത്തെ സംസ്ഥാന സെക്രട്ടറിമാരിലൊരാളും രിസാല പത്രാധിപരുമായ അബ്ദുല്ല വടകര പങ്കെടുക്കുന്ന പരിപാടി വിജയകരമായി നടത്താന്‍ സഹായിച്ചത് മമ്മദ്ക്കയായിരുന്നുവെന്ന് എസ് പി മുസ്തഫ സഖാഫിയും കെ കെ ഇസ്മാഈല്‍ അല്‍ ഹസനിയും പറഞ്ഞു. തനിക്ക് സത്യമാണെന്ന് തോന്നിയ കാര്യം വെട്ടിത്തുറന്ന് പറയുന്നതില്‍ ആരെയും അശേഷം ഭയപ്പെട്ടിരുന്നില്ല. വിശുദ്ധ റമസാന്‍ മാസമായാല്‍ കുപ്പൂത്ത് പള്ളിയിലെ ഉസ്താദുമാര്‍ക്ക് രാത്രി ഭക്ഷണം മമ്മദ്ക്കയുടെ വീട്ടിലായിരുന്നു.
കുത്തരി കൊണ്ടുണ്ടാക്കിയ കഞ്ഞിയും പുഴുക്കും ചമ്മന്തിയുമായിരുന്നു വിശേഷം. ഇന്നും ഉസ്താദുമാര്‍ക്ക് ഭക്ഷണം കൊടുക്കുന്നത് മമ്മദ് തന്നെയാണെന്ന് ദീര്‍ഘകാലം മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്ത കെ ടി ഹൈദര്‍ മൗലവി അനുസ്മരിച്ചു.
കുപ്പൂത്ത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുമ്പോള്‍ സജീവസാന്നിധ്യമായിരുന്നു മമ്മദ്. മുന്‍ വര്‍ഷങ്ങളിലെല്ലാം കുപ്പൂത്ത് നടത്തിയ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളിലെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബക്കറ്റ് പിരിവ് നടത്തുന്നത് മമ്മദ്ക്കയായിരുന്നു.
സഖാവ് മമ്മദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഞ്ചായത്തിലെ മികച്ച കര്‍ഷകനായിരുന്നു. നാട്ടില്‍ എല്ലാവരും കാര്‍ഷിക മേഖലയെ കൈയൊഴിഞ്ഞപ്പോഴും മമ്മദ് നെല്‍കൃഷി ഉള്‍പ്പെടെ നിലനിര്‍ത്തി. യന്ത്രവത്കൃത കൃഷി വ്യാപകമായിരുന്നിട്ടും മമ്മദ് സ്വന്തം ഉരുക്കളെ ഉപയോഗിച്ചാണ് കൃഷി നടത്തിയിരുന്നത്. നെല്‍കൃഷി കഴിഞ്ഞാല്‍ പാടത്ത് വാഴയും പച്ചക്കറികളും കപ്പയുമായി മമ്മദിന്റെ കൃഷി ഭൂമി ഇന്നും ഹരിതാഭമാണ്.
അര ഏക്കറോളം വരുന്ന സ്ഥലം എടപ്പലം പി ടി എം യത്തീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍ ഏറ്റെടുത്ത് കപ്പ കൃഷി നടത്തിവരുന്നു. വര്‍ഷങ്ങളായി മമ്മദ്ക്ക തന്നെ നടത്താറുള്ള കൃഷിയിടം ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് കൃഷി നടത്താന്‍ വിട്ടുനല്‍കുകയായിരുന്നു. മമ്മദ് തന്നെയാണ് കുട്ടികളോടൊപ്പം നിന്ന് കപ്പ കൃഷിയിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിച്ചത്. ജൈവകൃഷി മാത്രമാണ് മമ്മദ് നടത്താറുള്ളത്. 60തിലും തളരാത്ത മനസ്സുമായി കൃഷിയെ സ്‌നേഹിച്ച മമ്മദിന് കര്‍ഷക അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.