ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കടത്താന്‍ ശ്രമിച്ച കോഴിവണ്ടി മരത്തിലിടിച്ചു തകര്‍ന്നു

Posted on: April 3, 2015 10:15 am | Last updated: April 3, 2015 at 10:15 am

വണ്ടിത്താവളം: ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കടത്താന്‍ ശ്രമിച്ച കോഴിവണ്ടി മരത്തിലിടിച്ചു തകര്‍ന്നു. തകര്‍ന്ന വാഹനത്തില്‍ കുടുങ്ങിയ മൂന്നുപേരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.
ഗുരുതരമായ പരിക്കേറ്റ മൂവരെയും വിളയോടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതുമൂലം മിനാക്ഷിപുരം-കന്നിമാരി അന്തര്‍സംസ്ഥാന പാതയില്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
കന്നിമാരിയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച കോഴിവണ്ടി സമീപത്തെ മരത്തിലിടിച്ചാണ് തകര്‍ന്നത്. തകര്‍ന്ന വാഹനത്തില്‍ കുടുങ്ങിയ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിലെ ഡ്രൈവര്‍ പട്ടഞ്ചേരി കരിപ്പാലി സ്വദേശി സുലൈമാന്റെ മകന്‍ അബുതാഹിര്‍(30), പൊള്ളാച്ചി സ്വദേശികളായ നൗഫല്‍(32), ജാഫറലി(34) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
നൗഫലിന്റെയും ജാഫറലിയെയും സംഭവ സമയത്ത് പെട്ടന്ന് പുറത്തെടുത്തെങ്കിലും അകത്ത് കുടുങ്ങിയ ഡ്രൈവറെ ചിറ്റൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് വണ്ടി വെട്ടിപൊളിച്ച് പുറത്തെടുത്തത്.
മീനാക്ഷിപുരം വഴിവന്ന കോഴി കയറ്റിയ മിനി ലോറി അമിതവേഗതയില്‍ ചെക്ക് പോസ്റ്റ് വെട്ടിച്ച് കടത്താന്‍ ശ്രമിക്കവെയാണ് മരത്തിലിടിച്ച് അപകടത്തില്‍പ്പെട്ടത്.