നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: അല്‍ സറാഫയുടെ പണമിടപാടുകള്‍ ഹവാല

Posted on: April 3, 2015 5:14 am | Last updated: April 3, 2015 at 12:15 am

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ പ്രതിയായ അല്‍സറഫയുടെ മറവില്‍ വന്‍ ഹവാല ഇടപാട് നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപന ഉടമ പുതുപ്പള്ളി സ്വദേശി വര്‍ഗീസ് ഉതുപ്പിന് സര്‍ക്കാറിലെ ഉന്നതുമായി ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നു.
110 കോടി രൂപയുടെ ഇടപാട് കണ്ടെത്തിയ അല്‍സറാഫക്ക് ഒറ്റ ബേങ്ക് അക്കൗണ്ട് പോലും ഇല്ല. മുഴുവന്‍ പണമിടപാടുകളും ഹവാലയായാണ് നടന്നുവന്നത്. അല്‍ സറാഫയുടെ പേരില്‍ അക്കൗണ്ട് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആദായ നികുതി വകുപ്പ്. എന്നാല്‍ ഒരു എക്കൗണ്ട് പോലും ഇല്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. അല്‍ സറാഫയുടെ പണമിടപാട് എല്ലാം നേരിട്ടായിരുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റിന് വിട്ടത്. അല്‍ സറാഫയില്‍ നിന്നും പണം കടത്താന്‍ സഹായിക്കുന്ന യുവാവിനെ എന്‍ഫോഴ്‌സ്‌മെന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്്. ഏറ്റുമാന്നൂര്‍ സ്വദേശി ശ്രീജിത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് തിരയുകയാണ്. പണം ഹവാല ഏജന്റില്‍ എത്തിക്കുന്നത് ശ്രീജിത്താണെന്നാണ് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം ആദായ നികുതി ഉദ്യോഗസ്ഥന്മാര്‍ നടത്തിയ തിരച്ചിലാണ് 110 കോടിരൂപയുടെ ഇടപാട് കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് കഴിഞ്ഞ മാസം 26നു നടത്തിയ റെയ്ഡില്‍ 4.88 കോടി രൂപ അല്‍ സറാഫയില്‍ നിന്നും പിടിച്ചെടുത്തത്. ഈ സമയത്ത് ശ്രീജിത്ത് എന്ന യുവാവ് ഇവിടെ നിന്നും ഒന്നര കോടി രൂപയു ഹവാല ഏജന്റിനു നല്‍കാനായി കൊണ്ടുപോയി എന്ന വിവരം ആദായ നികുതി വകുപ്പിനു ലഭിച്ചു. എല്ലാ ദിവസവും അല്‍ സറാഫിയില്‍ നിന്നും ശ്രീജിത്ത് വാങ്ങുകയും അത് ഹവാല ഏജന്റിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. ശ്രീജിത്ത് ആയിരുന്നു പണം കൊണ്ടുപോയിരുന്നതെങ്കിലും ശ്രീജിത്ത് പണം എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു അല്‍ സറാഫയിലെ ജീവനക്കാര്‍ക്കു അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്മാരോട് അറിയിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് അല്‍ സറാഫയുമായുള്ള ബന്ധം വ്യക്തമായത്. ശ്രീജിത്തിന്റെ മോബൈല്‍ ഫോണില്‍ നിന്നാണ് എല്ലാവിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ലഭിച്ചത്. ഇപ്പോള്‍ ശ്രീജിത്ത് ഒളിവിലാണന്നാണ് വിവരം. ശ്രീജിത്തിന്റെ മോബൈല്‍ സ്വിച്ച് ഓഫ് ആണ്.
അതേസമയം, മുഖ്യപ്രതിയായ അല്‍ സറാഫ ഉടമ പുതുപ്പള്ളി സ്വദേശി വര്‍ഗീസ് ഉതുപ്പിന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കുമോ എന്ന ആശങ്കയും ശക്തമാണ്. സംസ്ഥാന സര്‍ക്കാറിലെ ഒരു ഉന്നതനുമായി ഉതുപ്പിന് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. വര്‍ഗീസ് ഉതുപ്പും ഭാര്യയും ചേര്‍ന്ന നിയന്ത്രിക്കുന്ന ഈ പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ആസ്ഥാനം യു എ ഇയിലെ അബുദാബിയാണ്.
കൊച്ചിയിലേത് റീജ്യനല്‍ ഓഫീസാണ്. കോഴിക്കോട്, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകളുള്ളത്. ദുബൈയിലുള്ള വര്‍ഗീസ് ഉതുപ്പിനെ മടക്കികൊണ്ടുവന്ന് അറസ്റ്റ് ചെയ്യാന്‍ കടമ്പകള്‍ നിരവധിയാണ്. വര്‍ഗീസ് ഉതുപ്പിനും കേസിലെ ഒന്നാം പ്രതിയായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫ് ലോറന്‍സിനും സി ബി ഐ ഉടന്‍ സമന്‍സ് അയക്കുമെന്നറിയുന്നു.
കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രികളില്‍ 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനാണ് അല്‍ സറാഫയ്ക്കു കരാര്‍ ലഭിച്ചത്. ഒരു ഉദ്യോഗാര്‍ഥിയില്‍ നിന്ന് 19,500 രൂപ വീതം റിക്രൂട്ട്‌മെന്റിനായി ഈടാക്കമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അല്‍ സറാഫ ഒരു ഉദ്യോഗാര്‍ഥിയില്‍ നിന്നും 19,50,000 രൂപ വീതമാണ് ഈടാക്കിയത്.
ആദായ വകുപ്പ് കണ്ടെത്തിയ 110 കോടി രൂപയുടെ ഈ വന്‍ തട്ടിപ്പില്‍ കൊച്ചിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിനും പങ്കുണ്ടെന്ന് സി ബി ഐ അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൊട്ടക്്്ടര്‍ ഓഫ് ഇമിഗ്രാന്റ്‌സ് മേധാവി കൊല്ലം സ്വദേശി അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാം പ്രതിയാക്കി സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.