Connect with us

Eranakulam

യുദ്ധഭൂമിയില്‍ നിന്ന് ഭീതി മാറാതെ അവര്‍ ജന്മനാട്ടിലെത്തി

Published

|

Last Updated

നെടുമ്പാശ്ശേരി: യുദ്ധരംഗങ്ങള്‍ നേരിട്ടു കാണുകയും അനുഭവിച്ച് അറിയുകയും ചെയ്ത 151 മലയാളികളും 17 തമിഴ്‌നാട് സ്വദേശികളും അടക്കം 168 പേര്‍ യുദ്ധഭൂമിയായ യെമനില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ പ്രത്യേക വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഒരു ഡസനോളം ദമ്പതികള്‍ ഉണ്ടായിരുന്ന ഈ സംഘത്തില്‍ യുദ്ധരംഗങ്ങള്‍ നേരിട്ട് കണ്ട ഭീതിമാറാത്ത 10 പിഞ്ചുകുട്ടികളും ഉണ്ടായിരുന്നു.

ജീബൂത്തി വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ സമയം ചൊവാഴ്ച രാത്രി ഒമ്പതിന് പുറപ്പെട്ട പ്രതിരോധ വകുപ്പിന്റെ “ലാന്റ് മാസ്റ്റര്‍” ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഇന്നലെ പുലര്‍ച്ചെ 1.40 ഓടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിചേര്‍ന്നത്. ചൊവ്വാഴ്ച രാത്രി എട്ടിന് വിമാനം കൊച്ചിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് 10.30ന് എത്തുമെന്നും 12.30ന് എത്തുമെന്നും അധികൃതര്‍ അറിയിച്ചെങ്കിലും നേരത്തെ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. യെമനില്‍ കലാപം ശക്തമായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ ഇറക്കുവാന്‍ പറ്റാതെ വന്നതിനെ തുടര്‍ന്ന് ഏദനില്‍ നിന്നും ഐ എന്‍ എസ് സുമിത്ര എന്ന കപ്പലില്‍ ജീബൂത്തിയില്‍ എത്തിച്ചാണ് വിമാനത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന മലയാളികളും തമിഴ്‌നാട്ടുകാരും അടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്. യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഇവരുടെ രേഖകള്‍ തയ്യാറാക്കി ഔട്ട്പാസ് നല്‍കി വിമാനത്തില്‍ കയറ്റേണ്ടി വന്നതിനാലാണ് നേരത്തെ തീരുമാനിച്ചതില്‍ നിന്നും നാലര മണിക്കൂര്‍ വൈകി പുറപ്പെടേണ്ടി വന്നത്. ഒരക്ഷരം ഉരിയാടാന്‍ കഴിയാതെ കണ്ണീരോടെ വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ സ്വീകരിക്കാന്‍ ബന്ധുക്കളെയും നാട്ടുകാരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ എത്തിയിരുന്നു. ബന്ധുക്കളെ ആശ്ലേഷിച്ചും പൊട്ടികരഞ്ഞും തങ്ങള്‍ നേരിടേണ്ട വന്ന പ്രയാസങ്ങള്‍ പങ്കു വെച്ചപ്പോള്‍ കണ്ടുനിന്നവരുടെ പോലും മിഴികളെ ഈറനണിയിച്ചു. എല്ലാം നഷ്ടപ്പെട്ട് കടങ്ങളും ബാക്കി വച്ച് നാട്ടിലെത്തിയ ഇവരെ വീടുകളില്‍ എത്തിക്കുന്നതിന് രണ്ട് കെ എസ് ആര്‍ ടി സി ബസുകളും 10 ടെമ്പോ ട്രാവലറുകളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു. കൂടാതെ ഇവരെ സഹായിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
ഇവര്‍ക്ക് വീടുകളില്‍ എത്തുന്നതിന് വഴി ചെലവിനായി 2000 രൂപ വീതവും നല്‍കി. പൊതുമരമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്, തുറമുഖ-എക്‌സൈസ്-ഫിഷറീസ് മന്ത്രി കെ ബാബു, ജില്ലാ കലക്ടര്‍ രാജാമാണിക്യം എന്നിവരുടെ നേതൃത്വത്തിലാണ് യുദ്ധഭൂമിയില്‍നിന്ന് ജീവന്‍ ബാക്കി വച്ച് ജന്മനാട്ടിലെത്തിയവരെ സ്വീകരിച്ചത്.
യെമനിലിലെ ഏദന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളും മറ്റും തുടങ്ങിയിട്ടില്ലായെങ്കിലും പ്രധാന സ്ഥാപനങ്ങള്‍ക്ക് നേരെ ബോംബുകളും ഷെല്ലുകളും ഉപയോഗിച്ചുള്ള ആക്രമണം തുടരുകയാണ്. ഇതിനെ തുടര്‍ന്ന കര്‍ഫ്യൂ പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. കര്‍ഫ്യൂ നിലനില്‍ക്കുന്നതുകൊണ്ടും ബോംബുകളും ഷെല്ലുകളും വര്‍ഷിക്കുന്നതുമൂലം പുറത്ത് പോലും ഇറങ്ങുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് യെമനില്‍നിന്നും നാട്ടിലെത്തിയവര്‍ പറഞ്ഞു. മലയാളികള്‍ പൂര്‍ണമായും നാട്ടിലേക്ക് തിരിച്ചാല്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരും. ഇത് മൂലമാണ് പല ആശുപത്രികളും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചു വെക്കുന്നതെന്നും യെമനില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷത്തിന് അറുതി വന്നാല്‍ തിരിച്ച് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യെമനിലെ സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. പാസ്‌പോര്‍ട്ടും രേഖകളും തിരിച്ച് കിട്ടിയില്ലെങ്കിലും ജീവനെങ്കിലും തിരിച്ചു കിട്ടണമെന്ന ചിന്തയില്‍ പല പ്രദേശങ്ങളില്‍നിന്ന് സ്‌പോണ്‍സര്‍മാരുടെ കണ്ണ് വെട്ടിച്ച് കിട്ടിയ വാഹനങ്ങളില്‍ എംബസി പരിസരങ്ങളിലും തുറമുഖങ്ങളിലുമായി എത്തുകയാണ് ചെയ്തതെന്ന് നാട്ടിലെത്തിയവര്‍ പറഞ്ഞു. കുടുംബമായി യെമനില്‍ താമസിച്ചിരുന്ന ചിലരില്‍ ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമാണ് നാട്ടിലെത്തുവാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവരില്‍ പലരും ഭാര്യയെയും മക്കളെയും നാട്ടിലെത്തിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മന്ത്രി കെ സി ജോസഫുമായും സങ്കടങ്ങള്‍ പങ്കിടുന്നുണ്ടായിരുന്നു.