ഈജിപ്തില്‍ ചെക് പോസ്റ്റിന് നേരെ ആക്രമണം: 15 സൈനികര്‍ കൊല്ലപ്പെട്ടു

Posted on: April 3, 2015 4:59 am | Last updated: April 2, 2015 at 11:59 pm

കൈറോ: സായുധ സംഘം നടത്തിയ ആക്രമണത്തില്‍ ഈജിപ്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ സിനായിലാണ് സംഭവമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 19 സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ സിനായില്‍ തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ ഈജിപ്ത് സര്‍ക്കാര്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് സുരക്ഷാ സൈനികര്‍ക്ക് നേരെ പ്രത്യാക്രമണമുണ്ടായിരിക്കുന്നത്. ഓട്ടോമാറ്റിക് റൈഫിളുകളുമായി എത്തിയ സംഘം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് ചെക് പോയിന്റുകള്‍ക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. തിരിച്ചടിയില്‍ 15 തീവ്രവാദികളും കൊല്ലപ്പെട്ടതായി ഈജിപ്ത് സൈനിക നേതൃത്വവും അറിയിച്ചു. 2013ല്‍ മുര്‍സി ജനകീയപ്രക്ഷോഭത്തിനൊടുവില്‍ പുറത്താക്കപ്പെട്ടതിന് ശേഷം ഇവിടെ സുരക്ഷാ സൈനികര്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചിരുന്നു.